പ്രമുഖ സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു
പ്രമുഖ സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
പൊതുദര്‍ശനം ആഴ്ചവട്ടത്തെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടുവരെയും തുടര്‍ന്ന് രണ്ട് മണിമുതല്‍ കെ.ടി.സി ഓഫീസിലും വൈകീട്ട് അഞ്ച് മുതല്‍ ടൗണ്‍ഹാളിലും നടക്കും. രാത്രി ഒന്‍പത് വരെയാണ് ടൗണ്‍ഹാളിലെ പൊതുദര്‍ശനം. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ.
പ്രമുഖ വ്യവസായിയായിരുന്ന ഗംഗാധരന്‍, എഐസിസി അംഗവുമായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒട്ടേറെ പ്രമുഖ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ഒരു വടക്കന്‍ വീരഗാഥ അടക്കമുള്ള സിനിമകളുടെ നിര്‍മ്മാതാവാണ് പി.വി ഗംഗാധരന്‍. അങ്ങാടി, അച്ചുവിന്റെ അമ്മ, ഏകലവ്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളാണ്.
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെയാണ് ഗംഗാധരന്‍ രാഷ്ട്രീയത്തിലെത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പിവി ഗംഗാധരന്‍ 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ പി.വി സാമിയുടേയും മാധവിയുടേയും മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്.