പ്രളയം: ജാഗ്രത തുടരും; രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും വേഗത്തിലാക്കണം – മുഖ്യമന്ത്രി

 

തിരുവനന്തപുരം > പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നവര്‍ക്കും അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുപോയവര്‍ക്കും സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. ക്യാമ്പില്‍ താമസിച്ചിട്ടില്ലെങ്കിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കും. കര്‍ക്കശ പരിശോധന നടത്തി മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ. ധനസഹായം കിട്ടുമെന്ന് മനസ്സിലാക്കി ക്യാമ്പിലേക്ക് വന്നവരുണ്ട്. അത് ഒഴിവാക്കാന്‍ പ്രളയ ദിവസങ്ങളില്‍ ക്യാമ്പിലെത്തിയവരുടെ പേരുവിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കണം. വീടു വൃത്തിയാക്കുമ്പോള്‍ ദുരന്തത്തില്‍പ്പെട്ടവ ഏതൊക്കെ എന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വില്ലേജ് ഓഫീസറുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെയും ഉത്തരവാദിത്വമാണിത്. ഏതൊക്കെ വീടിനെ ബാധിച്ചു, ആരൊക്കെ ഒഴിഞ്ഞുപോകേണ്ടിവന്നു എന്നത് അടിസ്ഥാനമാക്കി മാത്രമാവും സഹായം. അത് റിപ്പോര്‍ട്ടു ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം.

മണ്ണിനടിയിലുള്ളവരെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കവളപ്പാറയില്‍ നിന്ന് ഇന്ന് ഏഴു മൃതശരീരങ്ങള്‍ കണ്ടെത്തി.

അപകടസാധ്യതയുള്ള കുന്നിന്‍പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നതാണ് നല്ലത്. അങ്ങനെ മാറ്റിയതിന്‍റെ ഫലമായി രക്ഷപ്പെട്ടവരുണ്ട്. പുത്തുമലയില്‍ 17 പേര്‍ രക്ഷപ്പെട്ടത് അവരോട് മാറിത്താമസിക്കാന്‍ പറഞ്ഞതിനാലാണ്. റോഡ്, കനാല്‍, വീട് കെട്ടിടം എന്നിവ തകര്‍ന്നത് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാനാകണം. താഴ്ന്ന പ്രദേശങ്ങളിലെ കക്കൂസുകള്‍ തകര്‍ന്നത് ശരിയാക്കാന്‍ മുന്‍കൈയെടുക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ പണം തട്ടിപ്പിനുള്ള നീക്കങ്ങള്‍ വിവിധ തലത്തില്‍ നടക്കുന്നുണ്ട്. അത് മനസ്സിലാക്കി ശക്തമായ നടപടി സ്വീകരിക്കാനാകണം. വെബ്സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പുകളില്‍ പരാതികളില്ലാതെ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. റേഷന്‍ വിതരണം തടസ്സപ്പെട്ടത് പുനസ്ഥാപിച്ചു. വൈദ്യുതി ബന്ധം തകരാറിലായ ക്യാമ്പുകളില്‍ മണ്ണണ്ണ ലഭ്യമാക്കിയിട്ടുണ്ട്.  1000 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 1,13,000 കൃഷിക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 28,000 ഹെക്ടര്‍ കൃഷിഭൂമിക്ക് നാശം സംഭവിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ വീടുകളിലെയും പൊതുസ്ഥാപനങ്ങളിലെയും ശുചീകരണം വേഗത്തില്‍ നടക്കുണ്ട്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ബ്ലീച്ചിംഗ് പൗഡറും ക്ലോറിനും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്.  തകരാറിലായ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും അതിവേഗത്തില്‍ പുനസ്ഥാപിച്ചുവരികയാണ്. മഴ കുറഞ്ഞതായി യോഗം വിലയിരുത്തി. എങ്കിലും ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഫയര്‍ ആന്‍റ് റസ്ക്യൂ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, മനോജ് ജോഷി, മുഖ്യമന്ത്രിയുടെ പോലീസ് അഡ്വൈസര്‍ രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പി ഇന്‍റലിജന്‍സ് ടി.കെ. വിനോദ്കുമാര്‍, എ.ഡി.ജി.പി ബി. സന്ധ്യ, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. വി. വേണു, രാജന്‍ എന്‍. ഖോബ്രഗഡേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, വിവിധ വകുപ്പുസെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, സേനാ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!