പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി പിടിയിൽ

താമരശേരി:പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ  മുഖ്യ പ്രതി പിടിയിൽ. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറി (33)നെയാണ്‌ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്‌.  വിദേശത്തെ  പണമിടപാടുമായി ബന്ധപെട്ടാണ്‌  താമരശേരി അവേലം   മുഹമ്മദ്‌ അഷ്‌റഫിനെ  കഴിഞ്ഞ ശനി രാത്രി  തട്ടിക്കൊണ്ടുപോയത്‌.  തിങ്കൾ രാത്രി 10ന്‌ കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കരിപ്പൂർ സിഐയുടെയും കസ്റ്റംസിന്റെയും സഹായത്തോടെ അന്വേഷകസംഘം ജൗഹറിനെ  പിടികൂടുകയായിരുന്നു.

ശനി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ 9.45ന്‌  താമരശേരി മുക്കം  റോഡിൽ വെഴുപ്പൂരിൽ  രണ്ട്‌ കാറുകളിൽ എത്തിയ സംഘം  സ്കൂട്ടർ തടഞ്ഞ്‌ സുമോ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.  ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് താമരശേരി  ഡിവൈഎസ്‌പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

 തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് കാറുകളും വാടകക്കെടുത്തതായിരുന്നു. സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നയാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു. ഇയാൾ കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതിയാണ്‌. പൊലീസ്‌   ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.   

മലപ്പുറം ജില്ലയിലെ സ്വർണക്കടത്തു സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.   സംഭവത്തിൽ ആറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  താമരശേരി ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ്‌ ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശേരി എസ്ഐമാരായ വി എസ്‌  ശ്രീജിത്ത്‌, കെ സത്യൻ, എഎസ്ഐ എസ് ഡി ശ്രീജിത്ത്‌, സിപിഒമാരായ കെ ഷമീർ, ജിലു സെബാസ്റ്റ്യൻ, മുഹമ്മദ്‌ റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്‌.

Comments

COMMENTS

error: Content is protected !!