എൺപതാം പിറന്നാൾ ;ഗാനഗന്ധർവന്റെ സ്വരമാധുരി നുകർന്ന്‌ മൂകാംബികാ ക്ഷേത്രം

എൺപതാം പിറന്നാൾ ദിനത്തിൽ പതിവുതെറ്റിക്കാതെ ഗാനഗന്ധർവൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിച്ചു.  കുടുംബസമേതമാണ് ജന്മദിനാഘോഷങ്ങൾക്കായി കെ ജെ യേശുദാസ് ക്ഷേത്രത്തിലെത്തിയത്. നാലരപതിറ്റാണ്ടായി തുടരുന്ന പതിവുശീലമായ കീർത്തനാലാപനത്തിന്റെ സ്വരമാധുരി ക്ഷേത്രത്തിൽ നിറഞ്ഞു.  വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയായിരുന്നു സരസ്വതീ മണ്ഡപത്തിലെ  കീർത്തനാലാപനം. ഗായകനായ മകൻ വിജയ് യേശുദാസും കീർത്തനം ആലപിക്കാൻ ഒപ്പമുണ്ടായി.

 

വ്യാഴാഴ്ച രാത്രി വൈകിയാണ് ചെന്നൈയിൽനിന്നും കുടുംബസമേതം മംഗളൂരു വിമാനത്താവളം വഴി  യേശുദാസ് കൊല്ലൂരിലെത്തിയത്. ഭാര്യ പ്രഭ, മക്കളായ വിനോദ്, വിജയ്, വിശാൽ എന്നിവരും സഹോദരൻ ആന്റണിയും ഒപ്പമുണ്ടായി. വെള്ളിയാഴ്ച പുലർച്ചെ തന്നെ പ്രിയ ഗായകനെ കാണാനായി മൂകാംബിക ക്ഷേത്ര സന്നിധി ആരാധകരാലും സുഹൃത്തുക്കളാലും നിറഞ്ഞു. രാവിലെ 8.30ന്‌ ആൾക്കൂട്ടത്തിനിടയിലൂടെ യേശുദാസും കുടുംബവും ക്ഷേത്രത്തിലെത്തി. തുടർന്ന്‌  ഭക്തർക്കൊപ്പം പ്രദക്ഷിണം. തുടർന്ന് പ്രത്യേക ചണ്ഡികാ ഹോമം. പനിയായതിനാൽ ചണ്ഡികാ ഹോമത്തിനുശേഷം ഹോട്ടലിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

 

ക്ഷേത്രത്തിന് പുറത്തെ വേദിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു. പനിയായതിനാൽ ഇത്തവണ വേദിയിലെത്തി യേശുദാസ് കീർത്തനമാലപിച്ചില്ല. തുടർച്ചയായി 49‐ാം വർഷമാണ് അദ്ദേഹം ദേവീ സന്നിധിയിൽ മറ്റു ആഘോഷങ്ങളൊന്നുമില്ലാതെ പിറന്നാൾ ദിനം ചിലവിടുന്നത്. ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊല്ലൂർ മൂകാംബികാ സംഗീതാരാധനാ സമിതിയുടെ സൗപർണികാമൃത പുരസ്കാരം സംഗീത സംവിധായകൻ ടി എസ്‌ രാധാകൃഷ്ണജിക്ക് യേശുദാസ് സമ്മാനിച്ചു.
Comments
error: Content is protected !!