പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ (79) അന്തരിച്ചു. അറ്റൻബറേയുടെ ‘ഗാന്ധി’ ചിത്രത്തിന്റെ പരസ്യചിത്രകാരനെന്ന നിലയിൽ പ്രശസ്തനാണ്.കോഴിക്കോട് എരഞ്ഞിപ്പാലത്തെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം.നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും ചെയ്തിട്ടുണ്ട്..

തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി വി ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. ഇവിടുത്തെ ചിത്രകല പഠനം പൂര്‍ത്തിയാക്കിയശേഷം പിന്നീട്‌ മുംബൈയിലേക്കു ജീവിതം പറിച്ചുനട്ടു. 1964 ൽ ശാന്തിനികേതനിൽ നിന്നുള്ള എൻ. ആർ ഡേയുടെ കീഴിൽ ജോലിക്ക് ചേർന്നു. തുടര്‍ന്ന് ഗോള്‍ഡന്‍ ടുബാക്കോ കമ്പനിയില്‍ ആര്‍ട്ട്‌ ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗരറ്റ് റ്റുകൾ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്. തുടർന്ന് ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസിയും അദ്ദേഹം നടത്തി.

ജലച്ചായത്തിനു പുറമെ എണ്ണച്ചായം,അക്വാ ഓയില്‍, അക്രിലിക്ക്‌, ഡ്രൈ പേസ്റ്റല്‍, ചാര്‍ക്കോള്‍,നൈഫ്‌ പെയിന്റിങ്ങ്‌ തുടങ്ങി ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചായിരുന്നു ശരത് ചന്ദ്രന്‍റെ ചിത്രരചന. വടക്കേ ഇന്ത്യന്‍ ജീവിതത്തിനിടെ കണ്ടുമുട്ടിയ ദൃശ്യങ്ങളായിരുന്നു ചിത്രങ്ങളിലേറെയും. ഡിജിറ്റല്‍ ക്യാമറകള്‍ വരുന്നതിനു മുന്‍പു റോളോഫ്‌ള്‌ക്‌സിലും കാനണിലും ഫിലിമില്‍ എടുത്ത ചിത്രങ്ങളില്‍ നിന്നാണ്‌ ശരത്‌ ചന്ദ്രന്റെ ചിത്രങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്‌. നീണ്ട 50 വര്‍ഷത്തെ ചിത്രരചന പരിചയം ഇദ്ദേഹത്തിനുണ്ട്. ഭാര്യ വിമല.

സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Comments

COMMENTS

error: Content is protected !!