പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന് ഏഴുവര്‍ഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന് ഏഴുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയും തിരുവനന്തപുരം കോട്ടയ്ക്കകം ഒന്നാം പുത്തന്‍തെരുവില്‍ താമസക്കാരനുമായ ചിന്നദുരൈയ്ക്കാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആജ് സുദര്‍ശനന്‍ ശിക്ഷ വിധിച്ച്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും കൂടി അധികം തടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന് 30,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.
2020 ഏപ്രില്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. തുണിക്കടയിലെ ജീവനക്കാരനായ പ്രതി, തന്റെ വാടകവീടിന് സമീപം കളിക്കുകയായിരുന്ന 16-കാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ഒളിച്ചുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ വീട്ടില്‍ ഒളിക്കാമെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പ്രതിയുടെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. സഹോദരന്‍ വീട്ടിലെ മറ്റൊരിടത്ത് ഒളിച്ച സമയം, പ്രതി പെണ്‍കുട്ടിയെ കടന്നുപിടിച്ചു. കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടി, സംഭവം വീട്ടുകാരോട് പറയുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട് പോലീസാണ് പ്രതിയെ പിടികൂടിയത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഫോര്‍ട്ട് എസ് ഐമാരായ എസ് വിമല്‍, സജു എബ്രഹാം എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ജയിലില്‍ കിടന്ന സമയം ശിക്ഷാ കാലയളവില്‍നിന്ന് കുറച്ചിട്ടുണ്ട്.