നാല്പതോളം സ്ത്രീകളുടെ മാല തട്ടിപ്പറിച്ച സംഘം പിടിയിൽ

നാൽപതോളം സ്ത്രീകളുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. ഹരിപ്പാട് മണ്ണാറശാലയിലെ തറയിൽ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43–-കാവനാട് ശശി) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായാണ് പിടിച്ചുപറി നടത്തിയത്.

പ്രതികൾ മലപ്പുറം ജില്ലയിലേക്ക് കടന്നതായി വിവരം കിട്ടിയതിനെ തുടർന്ന്‌ ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് കേന്ദ്രമായി നടത്തിയ വാഹന പരിശോധനയിലാണ്‌  ഇവരെ പെലീസ് വലയിലാക്കിയത്.  മോഷണക്കേസുകളിൽ ഒരുമിച്ച് ജയിലിൽ കഴിഞ്ഞശേഷം കഴിഞ്ഞവർഷമാണ്‌ ജാമ്യത്തിൽ ഇറങ്ങിയത്.  തുടർന്ന്‌ കഴിഞ്ഞ എട്ടിന്‌  ആലപ്പുഴ ജില്ലയിൽ രണ്ട്‌ മണിക്കൂറിനുള്ളിൽ വനിതാ പൊലീസുകാരിയുടെയടക്കം അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ടു.  ഇവരെ പിടികൂടാൻ  മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ  ‘സ്നാച്ചിങ് കോമെറ്റ്’ സംഘത്തിന്‌ രൂപംനൽകിയിരുന്നു.

മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചായിരുന്നു മോഷണം. ബൈക്ക് റൈഡിങ്ങിൽ വിദഗ്‌ധരാണെന്നും മനസ്സിലാക്കി. ഇതോടെ പ്രതികളെ പിടിക്കാനായി പൊലീസ്‌  ബൈക്ക് റൈഡിങ്‌ വിദഗ്‌ധരായ യുവാക്കളെ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തിയിരുന്നു.

വിവിധ സ്ഥലങ്ങളിൽ വ്യാജ ആധാർ കാർഡുകളുണ്ടാക്കി താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. വ്യാജ   വിവിധ തരം വ്യാജ തിരിച്ചറിയൽ രേഖകൾ പൊലീസ് കണ്ടെത്തി. ഒരുവർഷത്തിനിടെ നൂറോളം സിംകാർഡുകളും ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്‌.

 

Comments

COMMENTS

error: Content is protected !!