പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗത്തിലാണ് ആഹ്വാനം. യോഗത്തില്‍ സംഘടനകള്‍ പനി പ്രതിരോധത്തിന് പൂര്‍ണ സഹകരണം ഉറപ്പ് നല്‍കി.
പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീയ സര്‍ക്കാര്‍, സ്വകാര്യ ഡോക്റ്റര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനിബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.