പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്‌

കോഴിക്കോട്‌ : കംപ്യൂട്ടറും ലാപ്‌ടോപ്പും പ്രൊജക്ടറുമായി പ്രൈമറി സ്‌കൂളുകളും ഹൈടെക്കിലേക്ക്‌. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളമുള്ള സ്‌കൂളുകളിൽ ഹൈടക്‌ ലാബ്‌ ഒരുക്കൽ അവസാന ഘട്ടത്തിലാണ്‌. ഇവിടങ്ങളിലേക്കുള്ള ലാപ്‌ടോപ്പ്‌, പ്രൊജക്ടറുകൾ, സ്‌പീക്കറുകൾ എന്നിവയുടെ വിതരണത്തിന്റെ 90 ശതമാനവും പൂർത്തിയായി.    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷ(കൈറ്റ്‌)നാണ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്‌.
സർക്കാർ–എയ്‌ഡഡ്‌ സ്‌കൂളുകളിലെ എട്ടുമുതൽ 12 വരെ ക്ലാസുകൾ ഹൈടെക്കായതിന്റെ തുടർച്ചയായാണ്‌ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും ഇങ്ങനെയാവുന്നത്‌. 2018ൽ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം 17 ഉപജില്ലകളിലെ ഓരോ മാതൃകാ സ്‌കൂളുകളിൽ ലാബ്‌ ഒരുക്കി. ഈ അധ്യയന വർഷം മുതലാണ്‌ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്‌. ജില്ലയിലാകെ 5000ത്തോളം ലാപ്‌ ടോപ്പുകൾ വിതരണംചെയ്‌തു. ലാപ്‌ടോപ്പുകളുടെ എണ്ണത്തിനൊപ്പമുള്ള സ്‌പീക്കറുകളും 2500ഓളം പ്രൊജക്ടറുകളും നൽകുന്നുണ്ട്‌. പ്രിന്ററും ടെലിവിഷനും കൂട്ടത്തിലുണ്ട്‌.
മാതൃകാ പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിൽ കൂടുതൽ ക്ലാസ്‌മുറികൾ ഹൈടെക്കാക്കാനുള്ള പ്രവർത്തനങ്ങളാണ്‌  നടക്കുന്നത്‌. മാവൂർ ജിഎംയുപി, പടിഞ്ഞാറ്റുംമുറി ജിഎംയുപി, നടുവട്ടം ജിയുപി, ചാത്തമംഗലം ജിഎൽപി, തോട്ടുമുക്കം ജിയുപി , കരുവംപൊയിൽ ജിഎംയുപി, താമരശേരി ജിയുപി, കാവിലുംപാറ ജിഎച്ച‌്എസ‌്എസ‌്, ഒഞ്ചിയം ജിയുപി, വേളൂർ ജിയുപി, കീഴൂർ ജിയുപി, നാദാപുരം ജിയുപി, പറമ്പിൽ ജിയുപി, കുരിയാടി ജിയുപി, മീഞ്ചന്ത ജിയുപി, പൂനൂർ ജിഎംയുപി, വാളൂർ ജിയുപി എന്നീ സ‌്കൂളുകളിലെ കൂടുതൽ ക്ലാസ്‌ മുറികളുടെ വിപുലീകരണത്തിനായി ലാപ്‌ടോപ്പുകളടക്കമുള്ള സാമഗ്രികളും നൽകൽ പുരോഗമിക്കുകയാണ്‌.
അതേസമയം  ജില്ലയിലെ സർക്കാർ– എയ്‌ഡഡ്‌ സ്‌കൂളുകളിലെ 10 മുതൽ 12 വരെയുള്ള  ഏകദേശം 4600  ക്ലാസ്‌മുറികളും സ്‌മാർട്ടായി. സ്‌മാർട്‌ ക്ലാസ്‌മുറികൾ ഒരുക്കാൻ കഴിയാത്ത ഇടങ്ങളിൽ മൊബൈൽ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്‌.
Comments

COMMENTS

error: Content is protected !!