പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് തിരുത്തല്‍; സമയപരിധി ഇന്ന് വൈകിട്ട് അഞ്ച് വരെ
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ തിരുത്തല്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് അഞ്ച് വരെയാണ് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സമയപരിധി.
ഏകജാലക പോര്‍ട്ടലായ www.admission.dge.kerala.gov.in ല്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേയും ഹെല്‍പ്പ് ഡെസ്‌കുകളിലൂടെ ലഭിക്കും.
ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ്. പട്ടിക വിഭാഗങ്ങള്‍, ഒബിസി, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകള്‍ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിലാകും അനുവദിക്കുക.
പ്ലസ് വണ്ണിന് 4,59,119 പേര്‍ അപേക്ഷിച്ചതില്‍ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകള്‍ ഉണ്ടെങ്കിലും ഇതില്‍ 63,474 സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.