KERALA
പ്ലസ് വൺ പ്രവേശനത്തിനുളള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി
കൊച്ചി: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുളള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ തീരുമാനം.
സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നുമാണ് ഹർജിയിലുളളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അപേക്ഷക സമർപ്പിക്കാനുള്ള അവസാന തിയതി ആദ്യം 18 ആയിരുന്നെങ്കിലും പിന്നീട് സമയം നീട്ടുകയായിരുന്നു.
നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇതുവരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. സിബിഎസ്ഇ ഫലം കൂടി വന്നതോടെ 30,000 അപേക്ഷകൾ കൂടി ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
Comments