CRIME
പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് ആരോപണം
മുക്കം: ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അനുപ്രിയ ആത്മഹത്യചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. അനുപ്രിയയുടെ ബന്ധുക്കളും പട്ടികജാതി ക്ഷേമ സമിതി ഉൾപ്പെടെയുള്ള സംഘടനകളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അനുപ്രിയയുടെ ആൺ സുഹൃത്തിനെ മുക്കം പോലീസ് ചോദ്യം ചെയ്തു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കെതിരേ കുട്ടിയുടെ രക്ഷിതാക്കളും വിവിധസംഘടനകളും പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അനുപ്രിയയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അനുപ്രിയയുടെ ഡയറി മുക്കം പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിൽ ആൺസുഹൃത്തിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു.
മകളുടെ മരണത്തിന് കാരണം യുവാവാണെന്നും ദുരൂഹതനീക്കാൻ ശരിയായ അന്വേഷണം നടത്തണമെന്നും അനുപ്രിയയുടെ അമ്മ പറഞ്ഞു.
ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അനുപ്രിയയുടെ സഹോദരി, സഹോദരൻ, ജനാധിപത്യ മഹിള അസോസിയേഷൻ, പട്ടികജാതി ക്ഷേമസമിതി, ഭാരതീയ പട്ടികജനസമാജം തുടങ്ങിയ സംഘടനകൾ രംഗത്തെത്തി.
Comments