പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയില്‍പ്പെട്ട യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയില്‍പ്പെട്ട യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. സഹോദരിയുടെ ഒന്നേമുക്കാല്‍ വയസ്സുള്ള കൈക്കുഞ്ഞുമായി തീവണ്ടിയില്‍നിന്ന് യുവതി തീവണ്ടിക്കടിയിലേക്ക് വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 10.20- ഓടെയാണ് സംഭവം. കൊയിലാണ്ടി ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശി പുതുകുളങ്ങര ലിയാന ഫാത്തിമ, സഹോദരിയായ ഹൈഫയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ (ഒന്നേമുക്കാല്‍ വയസ്സ്) എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂടെയുള്ളവര്‍ കയറും  മുമ്പേ വണ്ടിയെടുത്തപ്പോഴാണ് യുവതി കുഞ്ഞുമായി ചാടിയിറങ്ങിയത്.
ആലപ്പുഴ – കണ്ണൂര്‍ എക്‌സ്പ്രസില്‍ ലിയാന ഫാത്തിമയും മുഹമ്മദ് ഹല്‍വിനും മാതാവ് ഹൈഫയും ഉള്‍പ്പെട്ട കുടുംബം കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു. കുടിവെള്ളം വാങ്ങാന്‍ ഇവര്‍ കുറ്റിപ്പുറത്ത് പ്ലാറ്റ്‌ഫോമിലിറങ്ങിയിരുന്നു. വെള്ളം വാങ്ങുമ്പോള്‍ സ്റ്റാളില്‍ മൊബൈല്‍ഫോണ്‍ വെച്ചുമറന്നു. തുടര്‍ന്ന് തിരൂരില്‍ തീവണ്ടിയിറങ്ങി. അവിടെനിന്ന് മാവേലി എക്‌സ്പ്രസില്‍ കുറ്റിപ്പുറം പോയി ഫോണ്‍ തിരികെയെടുക്കാന്‍ കുടുംബം തീരുമാനിച്ചു. കുട്ടിയുടെ മാതാവിന്റെ സഹോദരി ലിയാന ഫാത്തിമ കുട്ടിയുമായി ആദ്യം തീവണ്ടിയില്‍ കയറിയ ഉടനെ തീവണ്ടി പുറപ്പെട്ടു. ബാക്കിയുള്ളവര്‍ക്ക് കയറാന്‍ കഴിഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഉടനെ ലിയാന ഫാത്തിമ കുട്ടിയുമായി ചാടിയിറങ്ങുകയും ട്രാക്കിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതു കണ്ട് പ്ലാറ്റ്‌ഫോമിലുള്ളവര്‍ നിലവിളിക്കുകയും തീവണ്ടിയുടെ പോയിന്റ്‌സ് മാന്‍ ചുവന്ന കൊടി കാട്ടുകയും തീവണ്ടിയിലുള്ളവര്‍ ചങ്ങല വലിച്ച ഉടനെ തീവണ്ടി നിര്‍ത്തി.

ആര്‍ പി എഫും നാട്ടുകാരും ചേര്‍ന്ന് ട്രാക്കിനടിയില്‍പ്പെട്ട യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയായിരുന്നു.

Comments

COMMENTS

error: Content is protected !!