SPECIAL
പ്ലാസ്റ്റിക് രഹിതം, കതിരവന്റെ വർണ വെളിച്ചം
ഇരിങ്ങൽ: ആയിരം ഇതളുള്ള സുവർണ ഗോളത്തിന്റെ നാട്ടിൽനിന്ന് വർണവെളിച്ചം വിൽക്കാനാണ് കതിരവൻ കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിൻ നടക്കുമ്പോൾ കോട്ടൺ നൂലിൽ പൊതിഞ്ഞ വർണ ബൾബുകളെക്കുറിച്ച് ഈ ചെറുപ്പക്കാരന് സംസാരിച്ച് മതിയാവുന്നില്ല. ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശലമേളയിൽ പങ്കെടുക്കാനാണ് തമിഴ്നാട്ടിലെ ഓറോവിൽ എന്ന ടൂറിസ്റ്റ് ഗ്രാമത്തിൽ നിന്ന് കതിരവന്റെ വരവ്.
സർഗാലയയിലെ കരകൗശല മേളയിൽ ആദ്യമായാണ് കതിരവൻ പങ്കെടുക്കുന്നത്. ഓറോവിൽ ഗ്രാമത്തിലെ ‘മദർക്രാഫ്റ്റ്’ എന്ന സ്ഥാപനത്തിലാണ് വർണവെളിച്ചങ്ങൾ നിർമിക്കുന്നത്. കതിരവന്റെ അമ്മ എസ് നീലയാണ് സ്ഥാപനം ആരംഭിച്ചത്. അച്ഛൻ ശെൽവന്റെ പിന്തുണയുമുണ്ട്. നിരവധി സ്ത്രീകൾക്ക് തൊഴിലും വരുമാനവും നൽകുന്നുണ്ട് നീലയുടെ ‘മദർ ക്രാഫ്റ്റ്’.
14 വർഷം മുമ്പ് വിദേശത്തേക്കും കയറ്റുമതി തുടങ്ങി. നെതർലാൻഡ്സിലേക്കാണ് കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. ഓറോവിൽ ഗ്രാമത്തിന്റെ വശ്യഭംഗി നുകരാനെത്തുന്ന വിനോദസഞ്ചാരികൾ കോട്ടൺ നൂലിൽ പൊതിഞ്ഞ ബൾബുകളും വാങ്ങാറുണ്ട്.
1989ൽ ആരംഭിച്ച ഈ സ്ഥാപനം കോട്ടൺ നൂലിലാണ് വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നത്. വിവിധ വർണങ്ങളിൽ തൂങ്ങിക്കിടക്കുന്ന ബൾബുകൾ കണ്ടാൽ കോട്ടൺ നൂലിൽ പൊതിഞ്ഞതാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. വിവിധ വലുപ്പത്തിലുള്ളവയാണ് ബൾബുകൾ. ചെറിയ ഹാങിങ് ബൾബിന് 250 രൂപ വരെയാണ് വില. ടേബിൾ ലാമ്പിന്റെ മാതൃകയിലും കോട്ടൺ വിസ്മയമുണ്ട്. 450 മുതൽ 850 രൂപ വരെയാണ് വില. കോട്ടൺ നൂലിൽ നിർമിച്ച വലിയ ഡ്രീം ക്യാച്ചർ ആണ് മറ്റൊരാകർഷണം.
ഇലക്ട്രോണിക് സയൻസിൽ ബിരുദം നേടിയ കതിരവൻ അമ്മയെ സഹായിക്കാനാണ് കേരളത്തിലെത്തിയത്. അമ്മ നീല മേളയിൽ എത്തിയിട്ടില്ല. മറൈൻ ഡിപ്പാർട്ട്മെന്റിലെ ഡെക് കാഡറ്റാണ് ഇന്ന് കതിരവൻ.
Comments