തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

മടയിൽ ചാമുണ്ഡി

ചണ്ഡമുണ്ഡന്മാരെ പാതാളം വരെ പിന്തുടർന്നു വധിച്ച ഭൈരവിയാണ് മടയിൽ ചാമുണ്ഡി. പാതാളത്തിൽ പോയി പോരാടിയതിനാൽ ‘പാതാളമൂർത്തി’എന്നും ഭൂമിയിലാദ്യമായി യമണ്ടിമലയിലെ ഒരു മടയിൽ (ഗുഹയിൽ) വച്ച് ദർശനം നല്കിയതു കൊണ്ട് മടയിൽ ചാമുണ്ഡി എന്നും ഈ ദേവി അറിയപ്പെട്ടു. തുടർന്ന് കരിമണൽ പാറത്തട്ടിൽ ശേഷിപ്പെട്ടതിനാൽ കരിമണൽ ചാമുണ്ഡിയെന്ന പേരു ലഭിച്ചു.

ഐതിഹ്യം

ചണ്ഡമുണ്ടന്മാരെ വധിച്ച ചാമുണ്ഡി തന്നെയാണ് മടയിൽ ചാമുണ്ഡി. ചണ്ഡമുണ്ടന്മാരുമായുള്ള ഘോരയുദ്ധത്തിൽ ചാമുണ്ഡിയെ ഭയന്ന് പാതാളത്തിൽ പോയി ഒളിച്ച അസുരന്മാരെ നേരിടാൻ ദേവി അവിടെയുമെത്തി. അങ്ങനെയാണ് ദേവിയ്ക്ക് പാതാള മൂർത്തി എന്ന പേരു ലഭിച്ചത്.

മറ്റൊരു കഥ ഇങ്ങനെയാണ്:
വണ്ണാടിൽ പൊതുവാൾ പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി. ഒരു മൃഗത്തേയും കിട്ടാതെ വിഷമിച്ചിരിക്കുമ്പോളായിരുന്നു കുറച്ചകലെയുളള മടയിൽ നിന്നൊരു അനക്കം കേട്ടത്. പന്നിയാണെന്നു കരുതിയ പൊതുവാൾ ശബ്ദം കേട്ട ദിക്കിലേക്ക് അമ്പെയ്തു. അടുത്തുചെന്നു നോക്കിയപ്പോൾ കണ്ടത് പന്നിക്കു പകരം അട്ടഹസിച്ചു നില്ക്കുന്ന ഒരു ഭീകരരൂപത്തെയാണ്. പേടിച്ചു വിറച്ച പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടിനകത്തു കയറി വാതിലടച്ചു. പുറത്തെ ശബ്ദം കേട്ട് പൊതുവാളുടെ ഗർഭിണിയായ മരുമകൾ വാതിലിനടുത്തേക്കു വന്നു. അപ്പോഴേക്കും വാതിൽച്ചവിട്ടിത്തുറന്ന ചാമുണ്ഡി മുന്നിൽക്കണ്ട മനുഷ്യരൂപത്തെ ഇടതുകാൽ കൊണ്ട് ചവിട്ടിയരച്ച് തട്ടിത്തെറിപ്പിച്ചു. പിന്നീടാണത് ഗർഭിണിയായൊരു സ്ത്രീയാണെന്നു മനസ്സിലായത്.

അന്ന് തട്ടിത്തെറിപ്പിച്ച ശവശരീരം വന്നു വീണ സ്ഥലമാണത്രെ ആലന്തട്ട മടവാതുക്കൽ. ഈ ഐതിഹ്യത്തിന്റെ സ്മരണക്കായാണ് തെയ്യം ഇടതുകാൽ കൊണ്ട് കോഴിയെ ചവിട്ടിയരക്കുന്ന ചടങ്ങ് ഇന്നും അനുവർത്തിച്ചു വരുന്നത്. പൊതുവാൾ മരുമകളുടെ മൃതശരീരവുമെടുത്ത് പയ്യന്നൂരിലേക്കു പോയപ്പോൾ കുറേ സ്ഥലങ്ങളിൽ വിശ്രമിക്കുകയുണ്ടായി. അദ്ദേഹത്തെ അനുഗമിച്ച ചാമുണ്ഡിയും അവിടങ്ങളിലെല്ലാം വിശ്രമിച്ചു. കാലാന്തരത്തിൽ അവിടെയെല്ലാം ചാമുണ്ഡിക്ക് സ്ഥാനം കല്പിക്കപ്പെട്ടു. പയ്യന്നൂർ പെരുമാളിന്റെ ഇംഗിതമനുസരിച്ച് ദേവിക്ക് വണ്ണാടിൽ പൊതുവാളിന്റെ കന്നിക്കൊട്ടിലിൽ പൊന്നിൻ പീഠം കല്പിച്ചു കൊടുത്തു. അങ്ങനെ വണ്ണാടിൽ തറവാട്ടിലെ കുലദേവതയായി മടയിൽ ചാമുണ്ഡി ആരാധിക്കപ്പെട്ടു വന്നു. ആലന്തട്ട മടവാതിൽക്കൽ, തിമിരി കൊട്ടിൻപുറം, കോട്ടൂർ പറമ്പത്ത് ആൽത്തറ, കുറിഞ്ഞി, പയ്യന്നൂർ വണ്ണാട് മീനക്കൊട്ടിൽ തുടങ്ങിയവയെല്ലാം മടയിൽ ചാമുണ്ഡിയുടെ പ്രധാന സ്ഥാനങ്ങളാണ്. ആനമടചാമുണ്ഡി, ബലിച്ചേരി ചാമുണ്ഡി, മേനച്ചൂർ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി, മാമല ചാമുണ്ഡി എന്നീ പേരുകളിലും മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നു.

തെയ്യം

മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.”തേപ്പും കുറിയും ” മുഖത്തെഴുത്തും പുറത്തട്ട് മുടിയുമാണ് മടയിൽ ചാമുണ്ഡിയുടെ വേഷം.

Comments

COMMENTS

error: Content is protected !!