ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ  കീമോ തെറാപ്പി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ ആദ്യത്തെ കീമോ തെറാപ്പി യൂണിറ്റ് ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം ചെലവഴിച്ചാണ് നാല് കിടക്കകളുള്ള പ്രത്യേക കീമോ തെറാപ്പി വാര്‍ഡ് നിര്‍മ്മിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. മെഡിക്കല്‍ കോളജില്‍ നിന്ന് പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റ്, രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. വാര്‍ഡ് യാഥാര്‍ഥ്യമായത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകും. മാസത്തില്‍ 40-ലധികം രോഗികള്‍ക്ക് ഇവിടെ നിന്ന് ചികിത്സ നല്‍കാന്‍ കഴിയും. ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രി ശുപാര്‍ശ ചെയ്യുന്നവര്‍ കീമോ തെറാപ്പി നടത്തുന്നതിന് നഗരത്തിലെ സ്വകാര്യ ആശുപത്രികളെയായിരുന്നു സമീപിച്ചിരുന്നത്. സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രിയിലെ രണ്ടാമത്തെ കീമോ തെറാപ്പി യൂണിറ്റ് 14ന് പേരൂര്‍ക്കടയിലാണ് ആരംഭിക്കുന്നത്.

ആശുപത്രിഹാളില്‍ നടന്ന ചടങ്ങില്‍ വി കെ സി മമ്മദ്‌കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇഎസ്‌ഐസി റീജിണല്‍ ഡയറക്ടര്‍ സി വി ജോസഫ്, റീജിണല്‍ ബോര്‍ഡ് അംഗം എം എ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ഡിഐഎംഎസ് ഡോ. അജിതനായര്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. വി കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!