ബസ് ചാർജ് വർദ്ധിപ്പിക്കാന്‍ ധാരണ

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ബസ് ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ട്. അവരുടെ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്. പരിഷ്‌കരിച്ച ബസ് ചാര്‍ജ് എന്നുമുതല്‍ നടപ്പിലാക്കണമെന്ന് ഉടന്‍ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍വച്ചിട്ടുണ്ട്. രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിമായും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!