KERALA

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുനെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.

 

ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വാഹനമോടിച്ചത് താനല്ലെന്നു അര്‍ജുന്‍ മൊഴി മാറ്റിയതിന്റെ ഉത്തരം കൈംബ്രാഞ്ചിന് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. കേസിലെ ദുരൂഹതകളും മാറും.

 

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു.

 

ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബാലഭാസ്കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു.
വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി. അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ മൊഴികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവായി. അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഇനി അന്വേഷണം നടക്കും. ബാലഭാസ്കര്‍ വിശ്രമിക്കാനിറങ്ങിയ കൊല്ലത്തെ കടയിലുണ്ടായിരുന്നവരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി നോട്ടിസ് നല്‍കി.

 

ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ആദ്യം മംഗലപുരം പൊലീസ് അന്വേഷിച്ച കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

 

ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം പുനഃരാവിഷ്ക്കരിച്ചിരുന്നു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജൂണ്‍ 15ന് പരിശോധിച്ചത്. വാഹനം നിര്‍മിച്ച കമ്പനിയുടെ ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു.

 

ബാലഭാസ്കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പുലര്‍ച്ചെ 1.08ന് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കാര്‍ തെളിയുമ്പോള്‍ മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗം. പുലര്‍ച്ചെ 3.45നാണ് കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പ്പെടുന്നത്. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വേണ്ടിവന്നത് 2.37 മണിക്കൂര്‍.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button