ബൈപ്പാസ് നിര്‍മ്മാണത്തോടെ ഗതാഗതം നിലയ്ക്കുന്ന കോതമംഗലം -മണമല്‍ റോഡിന് ഏറെ ചരിത്ര പ്രാധാന്യം; അടയുന്നത് മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാര്‍ ഉദ്ഘാടനം ചെയ്ത റോഡ്

കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തോടെ ഗതാഗതം നിലയ്ക്കുന്ന കോതമംഗലം -മണമല്‍ റോഡിന് ഏറെ ചരിത്ര പ്രാധാന്യം.1952ലാണ് നാട്ടുകാരുടെ പരിശ്രമ ഫലമായി കോതമംഗലം,ബപ്പന്‍കാട്,അണേല റോഡ് നിര്‍മ്മിച്ചത്. ഈ റോഡിന്റെ ഉദ്ഘാടനത്തിന് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജ് നാടാരായിരുന്നു എത്തിയത്. കേരള പിറവിക്ക് മുമ്പ് മലബാര്‍ മേഖല മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്ന് മദ്രാസ് മുഖ്യമന്ത്രി കെ.കാമരാജ് നാടാരും മലബാര്‍ എം.എല്‍.എ പി.ആര്‍.നമ്പ്യാരുമായിരുന്നു.
കോതമംഗലം മണമല്‍ അണേല റോഡ് നിര്‍മ്മിച്ചതിന് പിന്നിലും സമര തീഷ്ണമായ ചില സംഭവങ്ങളുണ്ടായിരുന്നു. റെയില്‍വെ പാളം കടന്ന് ബപ്പന്‍ കാട് മുക്കില്‍ നിന്ന് മണമല്‍,അണേല ഭാഗത്തേക്ക് തിരിയുന്നിടത്ത് റോഡ് നിര്‍മ്മിക്കാന്‍ ചില കട ഉടമകള്‍ തടസ്സം നിന്നിരുന്നു. കടമുറികള്‍ പൊളിച്ച് റോഡ് നിര്‍മ്മിക്കാന്‍ സൗകര്യം നല്‍കണമെന്ന ആവശ്യം കട ഉടമകള്‍ നിരാകരിച്ചു. ഇതോടെ കടമുറികള്‍ സംഘടിതമായി പൊളിച്ചു നീക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ബപ്പന്‍കാട് കവാടത്തിലുണ്ടായിരുന്ന കടമുറികള്‍ ഒറ്റ രാത്രി കൊണ്ട് പൊളിച്ചു നീക്കിയാണ് റോഡ് നിര്‍മ്മിച്ചത.് സ്വാതന്ത്യ സമര സേനാനികളായിരുന്ന സി.കെ.ഗോവിന്ദന്‍ നായര്‍,സി.കെ.വേലായുധന്‍,കേളോത്ത് ചാത്തുക്കുട്ടി,അണേല ഗോവിന്ദന്‍ നായര്‍,പുതിയകാവില്‍ കിട്ടന്‍ നായര്‍,കാനാത്ത് ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലും പിന്തുണയിലും നൂറോളം വരുന്ന യുവാക്കളാണ് കട മുറികള്‍ പൊളിച്ചു നീക്കി ബപ്പന്‍കാട് അണേല റോഡ് നിര്‍മ്മിച്ചത്. ഈ സമയത്ത് തന്നെ കൊയിലാണ്ടി ആശുപത്രിയില്‍ വി.ആര്‍ കൃഷ്ണയ്യരുടെ വകയായി ഒരു പ്രസവ മുറിയും നിര്‍മ്മിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനവും മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാരാണ് നിര്‍വ്വഹിച്ചത്. ഇത്രയും ചരിത്ര പ്രാധാന്യമുളള റോഡാണ് ബൈപ്പാസ് നിര്‍മ്മിക്കുമ്പോള്‍ കെട്ടിയടക്കുന്നത്.
ഇവിടെ അണ്ടര്‍പാസ് അനുവദിക്കുന്നതിന് തടസ്സമായി ദേശീയ പാത അധികൃതര്‍ പറയുന്നത് മുത്താമ്പി റോഡിലും കോമത്തുകരയിലും അണ്ടര്‍പാസും ഓവര്‍പാസും നിര്‍മ്മിക്കുന്നുണ്ടെന്നാണ്. അടുത്തടുത്ത് അണ്ടര്‍പാസ് അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തിരക്കേറിയ ഈ റോഡ് അടയുന്നതോടെ ഗതാഗതം വഴി തിരിച്ചു വിടാന്‍ നന്നായി ക്ലേശിക്കേണ്ടി വരും. ബൈപ്പാസ് റോഡ് അണേല റോഡ് മുറിച്ചു കടക്കുന്ന നിത്യാനന്ദാശ്രമത്തിന് സമീപം അണ്ടര്‍പാസ് നിര്‍മ്മിച്ചാല്‍ പ്രശ്‌നപരിഹാരമാകും. ബൈപ്പാസ് നിര്‍മ്മിക്കുന്ന ഈ സമയത്ത് അടിപ്പാത നിര്‍മ്മിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും ഇത്തരമൊരു ആവശ്യം നിറവേറ്റാന്‍ കഴിയില്ല. ഇവിടെ അണ്ടര്‍പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ പ്രക്ഷോഭത്തിന്റെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ റോഡ് അടയുന്ന വിഷയം ഉന്നയിക്കുകയും നഗരസഭ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിയൊന്നാം വാര്‍ഡ് സഭയിലും വിഷയം ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്. മുന്‍ കൗണ്‍സിലര്‍ ചെറുവക്കാട് രാമന്‍ ഇത് സംബന്ധിച്ച് പ്രമേയം വാര്‍ഡ് സഭയില്‍ അവതരിപ്പിച്ചു. കൗണ്‍സിലര്‍ എം.ദൃശ്യയും അണ്ടര്‍പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

Comments
error: Content is protected !!