കോപ്പ കപ്പ് അർജൻ്റീനയ്ക്ക്. മഞ്ഞപ്പട കരഞ്ഞു മടങ്ങി

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം മറുപടിയില്ലാത്ത ഒറ്റ ഗോളിന് അര്‍ജൻ്റീന സ്വന്തമാക്കി. ലോക ഫുട്ബോളിലെ മറ്റൊരു ഇതിഹാസ ടീം ആയ ബ്രസീലിനെ പന്തടക്കത്താൽ പിടിച്ചു കെട്ടിയാണ് അർജൻ്റീന കിരീടം നേടിയത്.

അര്‍ജന്റീനയുടെ ജഴ്സിയിൽ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പ് ഇതോടെ സഫലമായി. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും ടീമിനായി. 28 വർഷത്തിന് ശേഷമാണ് കോപ്പ കപ്പ് അർജൻ്റീനയ്ക്ക് ലഭിക്കുന്നത്.

കിക്കോഫ് മുതല്‍ ആവേശത്തിനൊപ്പം അവസാന ഘട്ടത്തിൽ പരുക്കനായും മാറിയ മത്സരത്തിൽ എയ്ഞ്ചല്‍ ഡി മരിയയാണ് ഏക ഗോൾ നേടിയത്. 1993നു ശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളര്‍ന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കിരീടങ്ങളില്ലെന്ന ദുഖം ഇതോടെ മാറിക്കിട്ടി. മത്സരം നടന്ന മരക്കാന സ്റ്റേഡിയത്തിൽ പക്ഷെ ബ്രസീൽ ക്യാപ്റ്റൻ നെയ്മറുടെ കരച്ചിൽ കളിക്കമ്പക്കാരുടെ സങ്കടമായി.

ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല.22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. റോഡ്രിഡോ ഡി പോൾ നൽകിയ പാസിൽ നിന്നായിരുന്നു ഡി മരിയ ഫിനിഷ് ചെയ്തത്. പന്തു തടയുന്നതിൽ ബ്രസീൽ ഡിഫൻ്റർ റെനൻ ലോഡിക്ക് പറ്റിയ പിഴവാണ് ഗോൾ വലയത്തിൽ എത്തിച്ചത്. ഗോളി എഡേഴ്സനെ കബളിപ്പിച്ച് ഡി മരിയ പന്ത് ചിപ്പ് ചെയ്ത് വലയിൽ എത്തിക്കയായിരുന്നു.

29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

നേരത്തെ, സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി അര്‍ജന്റീന ടീമിനെ ഫൈനലില്‍ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തില്‍ എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടംപിടിക്കുകയായിരുന്നു. 2020 ൽ നടക്കേണ്ടിയിരുന്ന മത്സരമാണ് കോവിഡ് കാരണം നീട്ടിവെച്ചത്. കാണികളെ നിയന്ത്രിച്ചായിരുന്നു മാച്ചുകൾ

കോപ്പ അമേരിക്ക 2021

ബെസ്റ്റ് കീപ്പർ = എമിമാർട്ടിനസ്
ബെസ്റ്റ് പ്ലയർ: മെസ്സി
മാൻ ഓഫ് ദ മാച്ച്: ഡി മരിയ
ടോപ്പ് സ്കോറർ: മെസ്സി
ചാമ്പ്യൻമാർ: അർജൻറീന

Comments

COMMENTS

error: Content is protected !!