KOYILANDILOCAL NEWS

ബൈപ്പാസ് നിർമ്മാണം; കൊയിലാണ്ടി നഗരസഭയിൽ 17 റോഡുകൾക്ക് താഴ് വീഴും, വെള്ളക്കെട്ട് ഗുരുതരമാകും, നഗരത്തോട് ചേർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാവും

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്നതോടെ നഗരസഭയിലെ 17 റോഡുകൾ മുറിഞ്ഞു പോകും. ഒന്നര മീറ്റർ മുതൽ എട്ട് മീറ്റർ വരെ ഉയരത്തിലാണ് നഗരസഭാപരിധിയിലൂടെ ബൈപ്പാസ് റോഡ് കടന്നുപോകുന്നത്. ഇതിൽ മുചുകുന്ന് റോഡ്, കൊല്ലം നെല്ല്യാടി റോഡ്, മുത്താമ്പി റോഡ്, താമരശ്ശേരി ദേശീയപാത എന്നിവക്ക് മാത്രമാണ് അണ്ടർ പാത്തോ ഓവർ പാത്തോ നിർമ്മിക്കുന്നത്. ബാക്കി റോഡുകൾ മുറിഞ്ഞ് തുടർച്ച നഷ്ടപ്പെട്ടു പോകുകയാണ് ചെയ്യുക. ഇവയിൽ ചിലതിനേയെങ്കിലും സർവ്വീസ് റോഡുകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും എന്ന് പറയുന്നതല്ലാതെ, അവയേതൊക്കെ? ബാക്കിയുള്ളവ എന്തു ചെയ്യും? എന്നതിനൊന്നും ദേശീയപാതാ നിർമ്മാണ അതോറിറ്റി മറുപടി പറയുന്നില്ല.

ബൈപ്പാസ് റോഡ് മാപ്പിൽ മുറിഞ്ഞു പോകുന്ന 17 റോഡുകളും ചെയ്നേജ് സ്കെയിലിൽ 220 / 453 മുതൽ 223/845 വരെയായി രേഖപ്പെടുത്തിയുണ്ട്. അവയേതൊക്കെയാണെന്ന് ഫീൽഡ് സ്റ്റഡി നടത്തിയെങ്കിലേ മനസ്സിലാക്കാൻ പറ്റൂ എന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. അതിനുള്ള സംവിധാനം നഗരസഭാ അധികൃതർ അടിയന്തരമായി ഉണ്ടാക്കി പകരം സംവിധാനങ്ങൾ  ആലോചിക്കുന്നില്ലങ്കിൽ ഒരുപാട് വർഷങ്ങളായി ആളുകളും വാഹനങ്ങളും സഞ്ചരിച്ച 17 റോഡുകളാണ് എന്നെന്നേക്കുമായി ഇല്ലാതാകുക.

ഇപ്പോൾ തന്നെ കരാർ കമ്പനിയുടെ ശ്രദ്ധയിൽപെടുത്തി പകരം സംവിധാനങ്ങളൊരുക്കിയില്ലങ്കിൽ ഇത് മുഴുവൻ പിന്നീട് നഗരസഭയുടെ ബാദ്ധ്യതയായി മാറും. കൊയിലാണ്ടി,അണേലക്കടവ്, കാവുംവട്ടം റോഡു പോലുള്ള പ്രധാനപ്പെട്ട പി ഡബ്ല്യൂ ഡി നിരത്തുകൾ ഉൾപ്പെടെയാണ് മുറിഞ്ഞു പോകുന്നത്.

ബൈപ്പാസ് റോഡ് നിർമ്മാണം നഗരസഭയിലെ ജലനിർഗമന സംവിധാനങ്ങളെയാകെ ഇതിനകം തന്നെ അടച്ചു കളയുകയോ മുറിച്ചു കളയുകയോ ചെയ്തിട്ടുണ്ട്. പകരമായി കരാർ കമ്പനി നിർമ്മിക്കുന്ന കൾവർട്ടുകൾ പലതും ആവശ്യത്തിന് വലിപ്പമുള്ളവയല്ല എന്ന ആക്ഷേപം നഗരസഭാ എഞ്ചിനിയറിംഗ് വിഭാഗം തന്നെ ഉയർത്തിയിട്ടുണ്ട്. ഒരു മീറ്റർ വീതിയും ഉയരവുമുള്ള കൾവർട്ടുകളാണ് ഇവർ എല്ലായിടത്തും പണിയുന്നത്. ഇവ ആവശ്യത്തിന് മതിയാകില്ല. പലയിടത്തും ഇവ പണിതിട്ടുള്ളത് നീർ വിതാനം പരിഗണിക്കാതെ ഉയരത്തിലാണെന്നും അതുവഴി വെള്ളമൊഴുകില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഓവുചാലുകൾ വഴി ഒഴുകിവരുന്ന വെള്ളം പൊതു ഇടങ്ങളിലേക്ക് തുറന്നു വിടുന്ന നിലയിലാണ് ഇപ്പോൾ നിർമ്മിച്ചിട്ടുള്ളത്. പുഴകൾ തോടുകൾ എന്നിവയുമായി ഇവയെ ബന്ധിപ്പിക്കാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിനടിയിലാകും. ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ പടിഞ്ഞാറ് ഭാഗത്തെ വെള്ളം എങ്ങോട്ടൊഴുകും എന്ന ആശങ്കയുണ്ട്. ഇപ്പോൾ തന്നെ വലിയ വെള്ളക്കെട്ടുണ്ടാവുന്ന റെയിലോരത്തുൾപ്പെടെ വീടുകൾ വെള്ളത്തിനടിയിലാകുമെന്നുറപ്പാണ്. 


ആറ് കുന്നുകൾ ഇടിച്ചു നിരത്തി ആറ് പാടശേഖരങ്ങൾ നികത്തിയാണ് നഗരസഭയിൽ ബൈപ്പാസ് റോഡ് കടന്നുപോകുന്നത്. അകലാപ്പുഴക്കും കടൽത്തീരത്തിനുമിടയിൽ നല്ല കുടിവെള്ളം ലഭിച്ചിരുന്ന മേഖലയിലാണ് ബൈപ്പാസ് പണിയുന്നത്. ഇത് കൊയിലാണ്ടിയിൽ ഇപ്പോൾ തന്നെ കിട്ടാക്കനിയായ നല്ല കുടിവെള്ളത്തിന്റെ ലഭ്യത കൂടുതൽ വിഷമകരമാക്കുമെന്നുറപ്പ്. ഒരു വികസന പദ്ധതി നടപ്പിലാക്കുമ്പോൾ ഇത്തരം പ്രതിബന്ധങ്ങൾ സ്വാഭാവികമാണെങ്കിലും, അത് പരിഹരിക്കുന്നതിന് സമയബന്ധിതവും അടിയന്തരവുമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ വികസനത്തിന്റെ ഇരകളും അഭയാർത്ഥികളുമായി ധാരാളം കുടുംബങ്ങൾ നഗരസഭ പ്രദേശം വിട്ട് കിഴക്കൻ മേഖലകളിലേക്ക് കുടിയേറേണ്ടിവരും.

എം പി,എം എൽ എ, പ്രാദേശിക ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ഉണർന്നെണീറ്റ് അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്. നഗരസഭയാണ് ഇതിനൊക്കെ നേതൃത്വം നൽകേണ്ടത്. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച് അതിനുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കാൻ ചുമതലപ്പെട്ട നഗരഭരണാധികാരികൾ ഇതുവരെ ഉറക്കമുണർന്നതിന്റെ ലക്ഷണങ്ങൾ പ്രകടമല്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button