ഇന്ത്യയുടേത് ഭരണഘടനയല്ല ‘നിര്‍മ്മാണഘടന’

 

 

ജനങ്ങളോടുള്ള ഉത്തരവാദിത്യമാണ്, അല്ലാതെ ഭരണസ്ഥിരതയല്ല ഇന്ത്യന്‍ ഭരണഘടനയുടെ കാതല്‍ എന്നത്. ഭരണപക്ഷമോ പ്രതിപക്ഷമോ തിരിച്ചറിയാത്തതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ പ്രതിസന്ധിക്കും കാരണമായിതീരുന്നതെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ‘കോണ്‍സ്റ്റിറ്റിയൂഷന്‍’
എന്ന വാക്കിനെ ഭരണഘടന എന്നല്ല യഥാര്‍ത്ഥത്തില്‍ പരിഭാഷപ്പെടുത്തേണ്ടത്; ‘നിര്‍മ്മാണഘടന’ എന്നാണ്. ആധുനിക ഇന്ത്യയുടെ സുശക്തമായ നിര്‍മ്മാണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം. അത് ഭൂരിപക്ഷമുണ്ട് എന്നതുകൊണ്ട് ആര്‍ക്കെങ്കിലും അതിലംഘിക്കാനാകും എന്ന് കരുതാനാകില്ല. അതിനാരെങ്കിലും മുതിര്‍ന്നാല്‍ ഇന്നത്തെ ഇന്ത്യതന്നെയായിരിക്കും ഇല്ലാതാകുക. പിന്നെ അവശേഷിക്കുന്ന ഇന്ത്യ എന്തായിരിക്കും എന്ന ചിന്ത തന്നെ ഭയാനകമാണ്. ഇത് ശരിയായി മനസ്സിലാകണമെങ്കില്‍ നാം പഠിക്കേണ്ടത് ഭരണഘടനയിലെ വകുപ്പുതിരിച്ചുള്ള വിവരണങ്ങളല്ല. പകരം ഭരണഘടനാ നിര്‍മ്മാണസഭയില്‍ നടന്ന അതിവിപുലമായ സംവാദങ്ങളും കണ്ടത്തെലുകളും വോട്ടെടുപ്പുമൊക്കെയാണ്. ഇതിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ത്യന്‍ ഭരണഘടന എങ്ങനെയാണ് ഇന്ത്യയുടെ നിര്‍മ്മാണഘടനയായത് എന്ന് നമുക്കുതന്നെ ബോധ്യപ്പെടുക.

കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ നേതൃത്വത്തിലുള്ള സംവാദ പരമ്പരയില്‍ ‘ജനാധിപത്യകേരളം’ പുതുപാഠങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ ഇ.കെ അജിത്ത്, സമദ് പൂക്കാട്, എം സിജു,കെ ശാന്ത എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സുരേഷ് കന്നൂരിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഫോറവും നടന്നു. പി.കെ പ്രിയേഷ്‌കുമാര്‍ മോഡറേറ്ററായിരുന്നു. കല്പറ്റ നാരായണന്‍ ,ഗിരീഷ് കര്‍ണ്ണാട് അനുസ്മരണപ്രഭാഷണം നടത്തി.

ജൂലൈ 2ന് കെ വേണു ‘ഇന്ത്യന്‍ ജനാതിപത്യത്തിന്റെ വഴിത്തിരിവുകളും ഫാസിസവും’ എന്ന വിഷയം അവതരിപ്പിക്കും. നിജേഷ് അരവിന്ദ്്,വി.കെ ബാബു, സി.അശ്വനീദേവ്, മഡോണ എന്നിവര്‍ സംസാരിക്കും. പി.കെ രവീന്ദ്രനാഥ് മോഡറേറ്ററായിരികികും. വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിലാണ് പരിപാടി.

Comments

COMMENTS

error: Content is protected !!