ബൈപ്പാസ് വരുന്നതോടെ കാവുംവട്ടം അണേല റോഡ് കോതമംഗലത്ത് മുറിയും; പരിഹാരം കൊയിലാണ്ടി നിത്യാനന്ദാശ്രമത്തിന് സമീപം അണ്ടര്‍പാസ് നിർമ്മിക്കൽ
കൊയിലാണ്ടി: കോതമംഗലം നിത്യാനന്ദാശ്രമത്തിന് സമീപം ബൈപ്പാസ് റോഡ്, അണേല റോഡ് മുറിച്ച് കടന്ന് പോകുന്ന സ്ഥലത്ത് അണ്ടർപാസ് പണിതില്ലെങ്കിൽ കൊയിലാണ്ടിയിലെ പ്രധാനപ്പെട്ട ഒരു റോഡ് എന്നെന്നേക്കുമായി ഇല്ലാതാവും. ബൈപ്പാസ് നിര്‍മ്മാണം പുരോഗമിക്കുന്നതോടെ നൂറ് കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന അണേല, മണമല്‍, കോതമംഗലം, ബപ്പന്‍കാട് റോഡ് വഴിയുളള ഗതാഗതം ഓര്‍മ്മയാകും.
കോതമംഗലം നിത്യാനന്ദാശ്രമത്തിന് സമീപമാണ് അണേല റോഡ് മുറിച്ച് കടന്ന് 45 മീറ്റര്‍ വീതിയില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടെ ഏതാണ്ട് രണ്ട് മീറ്ററോളം ഉയരത്തിലാവും ബൈപ്പാസ് റോഡ് നിര്‍മ്മിക്കുകയെന്നാണ് വിവരം. ഇതോടെ ഇതു വഴി അണേലക്കടവ് കാവുംവട്ടം പ്രദേശത്തേക്കുളള റോഡ് വഴിയുള്ള ഗതാഗതം എന്നന്നേക്കുമായി അടയും. അണേല ഭാഗത്ത് നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്നവര്‍ മണമല്‍ ദര്‍ശനമുക്കിലെത്തി മുത്താമ്പി-റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ സഞ്ചരിച്ച് ടൗണിലെത്തേണ്ടിവരും. കൊയിലാണ്ടി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതില്ലെങ്കില്‍ ബൈപ്പാസിന്റെ ഭാഗമായുളള സര്‍വ്വീസ് റോഡിലൂടെ യാത്ര തുടരേണ്ടിയും വരും.
അണേല കാവുംവട്ടം കൊയിലാണ്ടി റൂട്ടില്‍ ഇടവിട്ട് ബസ്സ് സര്‍വ്വീസ് ഉണ്ട്. ആ സര്‍വ്വീസുകൾ പുതുതായി യാത്ര ക്രമീകരിക്കേണ്ടി വരും. ദര്‍ശന മുക്കില്‍ നിന്ന് മണമല്‍ റോഡിലേക്കും തുടര്‍ന്ന് അണേല റോഡിലേക്കും ബസ്സ് വളച്ചെടുക്കാൻ വലിയ പ്രയാസം അനുഭവിക്കേണ്ടി വരും. എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു വലിയ വാഹനം വന്നാല്‍ ഗതാഗതം അതോടെ സ്തംഭിക്കുന്ന അവസ്ഥയുണ്ടാവും. മണമല്‍ ഭാഗത്ത് നിലവിലുള്ള റോഡ് വീതി കൂട്ടുകയോ വികസിപ്പിക്കുകയോ ചെയ്യുക വലിയ പ്രയാസമാണ്. അടുത്തടുത്ത് വീട് വെച്ച് ജനങ്ങൾ താമസിക്കുന്ന സ്ഥലമാണിവിടെ. പലരും റോഡരികില്‍ മതിലിനോട് ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീതി കൂട്ടാൻ പ്രയാസമായ കുപ്പിക്കഴുത്ത് റോഡാണിത്.
ബൈപ്പാസ് റോഡ് അണേല റോഡ് മുറിച്ച് കടക്കുന്നിടത്ത് ബസ്സുകള്‍ക്ക് പോകാന്‍ കഴിയും വിധം അണ്ടര്‍പാസ് നിര്‍മ്മിച്ചാല്‍ മാത്രമേ ഈ പ്രധാന പാതയെ രക്ഷിക്കാനാകൂ. ഇക്കാര്യങ്ങളൊക്കെ ദേശീയപാത അധികൃതരുമായി ചര്‍ച്ച ചെയ്തു ആവശ്യമായ തീരുമാനമെടുക്കേണ്ടത് കൊയിലാണ്ടി നഗരസഭയും എം എല്‍ എയുമാണ്. മാത്രവുമല്ല അണേല റോഡില്‍ നഗരസഭ നിര്‍മ്മിച്ച ഓവുചാല്‍ നികത്തുന്നത് വലിയ വെള്ളക്കെട്ടിന് കാരണമാകും.