ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൊല്ലം ജില്ലയിലെ 2 സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്.

ന്യൂനതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. 39 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തിവരുന്നു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments

COMMENTS

error: Content is protected !!