ഭിന്നശേഷിക്കാർക്ക് നീന്തൽ തെറാപ്പിയുമായി സമഗ്ര ശിക്ഷാ കോഴിക്കോട്
ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികാസത്തിനും പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിനായി അവരെ നീന്തൽ പരിശീലിപ്പിക്കുന്ന ബീറ്റ്‌സ് പദ്ധതിക്ക് തുടക്കമാകുന്നു. ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്താൻ വ്യത്യസ്ത പദ്ധതികളൊരുക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ നൂതനമായ പദ്ധതിയാണ് ബീറ്റ്‌സ്. സംസ്ഥാനത്ത് ആദ്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് ‘ബീറ്റ്‌സ്’ നീന്തൽ പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. നൂറ് കുട്ടികളെയാണ് ആദ്യഘട്ടത്തിൽ നീന്തൽ പഠിപ്പിക്കുക. ആദ്യ ഘട്ടത്തിൽ ഹൈസ്‌കൂൾ- ഹയർസെക്കൻഡറി ക്ലാസുകളിലെ കാഴ്ചപരിമിതരായ കുട്ടികൾക്കാണ് മുൻഗണന നൽകുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പത്ത് കുട്ടികൾ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. 15 ദിവസത്തെ പരിശീലനമാണ് നൽകുക.
കോർപ്പറേഷൻ പരിധിയിലെ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. രക്ഷിതാക്കളുടെ അനുമതിയോടെ ബിആർസികൾ വഴിയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. ജില്ലാ സ്പോർട്സ് കൗൺസിൽ, കാഴ്ച പരിമിതർക്കായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇക്വിബിയിങ്’ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ജില്ലാ സ്പോർട്സ് കൗൺസിൽ ഇതിനായി പരിശീലകരെയും നീന്തൽക്കുളവും വിട്ടുനൽകി. നടക്കാവ് നീന്തൽക്കുളത്തിൽ രാവിലെ എട്ടുമുതൽ ഒമ്പതുവരെയാകും ദിവസവും പരിശീലനം. ഭിന്നശേഷിക്കാരെ നീന്തൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഇക്വുബിയിങ്ങിന്റെ നേതൃത്വത്തിൽ സ്‌പോർട്ട്‌സ് കൗൺസിൽ ട്രെയിനർമാർക്ക് നൽകും. ഓരോ കുട്ടിക്കും പ്രത്യേകം ലൈഫ് ഗാർഡുണ്ടാകും. വീട്ടിൽനിന്ന് പരിശീലനകേന്ദ്രത്തിലേക്കും അവിടെനിന്ന് സ്‌കൂളിലേക്കും വാഹനസൗകര്യം ഉൾപ്പെടെ ഒരുക്കും. ഭക്ഷണവും ലഭ്യമാക്കും.