KERALAMAIN HEADLINES

മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാർ ക്രൂരമായി മ‍ര്‍ദ്ദിച്ചു

തിരുവനന്തപുരം: അച്ഛനെ മകളുടെ മുന്നിൽ വെച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മ‍ര്‍ദ്ദിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്.വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി. 

സംഭവം വാ‍ര്‍ത്തയായതോടെ ഗതാഗതമന്ത്രി ആൻ്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം. 

പ്രേമൻ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയിൽ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു. ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മര്‍ദ്ദനത്തിൽ ക്ഷതമേറ്റ പ്രേമൻ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രേമൻ്റെ പരാതിയിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരൻ കൂടിയാണ് പ്രേമൻ. 

പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആൻ്റണി രാജു  പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് പൊതുസമൂഹത്തിൽ തന്നെ അവമതിപ്പുണ്ടാക്കാൻ ഇതു കാരണമാകുമെന്നും ഓഫീസിലെത്തിയ ഒരാളെ മര്‍ദ്ദിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇന്നു തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആൻ്റണി രാജു പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button