മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി

കണ്ണൂര്‍: യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിനിടയിലും മട്ടന്നൂര്‍ കോട്ട എല്‍ഡിഎഫ് നിലനിര്‍ത്തി. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ ഇത്തവണയും മാറ്റമില്ലാതെ തുടരും.

35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്. 

കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്.  35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. 

നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.

മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്.

 

Comments

COMMENTS

error: Content is protected !!