KERALA

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് പൊലീസ്

കൊച്ചി: കടലിൽ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രികരിച്ച് തന്നെ അന്വേഷണം തുടരാൻ പൊലീസ്. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ്‌ ദ്രോണാചാര്യയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്‍ധയും അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട്, ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് മൂന്നുവട്ടം പരിശോധന നടത്തിയിരുന്നു. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട നേവിയിലെ തോക്കുകളിൽ ഉപയോഗിക്കുന്നതാണോയെന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേർന്നുളള കടൽഭാഗത്തും പൊലീസ് പരിശോധന നടത്തിയിരുന്നു.

ഫോർട്ടുകൊച്ചി തീരത്തു നിന്ന് ഒന്നര കിലോമീറ്റർ മാറി ക‍ടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം വെടിയുതിർത്തത് തങ്ങളല്ലെന്നും തങ്ങളുടെ തോക്കുകളിലെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വിശദീകരണം. എന്നാലിത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കടൽ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളിൽവെച്ചുതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം  ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.


ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31 പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button