മോട്ടോര്‍വാഹന വകുപ്പ് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മോട്ടോര്‍വാഹന വകുപ്പ്. ജനുവരി 10 മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നേരത്തെ മുതല്‍ തന്നെ ആംബുലന്‍സുകള്‍ മറ്റുപല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധനകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുന്നത്.

ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതലയേറ്റതിനുശേഷം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിതലത്തില്‍ യോഗവും നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്താനുള്ള തീരുമാനം.

രോഗികളുമായി പോകേണ്ട ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപക പരാതികള്‍ നിലവിലുണ്ട്. ആംബുലന്‍സുകളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും മോട്ടോര്‍വാഹന വകുപ്പ് പരിശോധിക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

Comments
error: Content is protected !!