മദ്യലഹരിയില്‍ യുവാവ് ഓടിച്ചകാര്‍ സ്‌കൂള്‍കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. കാറിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കോട്ടയം എ.ആര്‍.ക്യാമ്പ് റോഡില്‍ അയ്മനത്ത് പുഴ കടവിന് സമീപമായിരുന്നു അപകടം.

 

എസ്.എച്ച്.മൗണ്ട് സെന്റ് മെര്‍സലിനാസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സമീറ, ഓട്ടോ ഡ്രൈവര്‍ നട്ടാശേരി ബിനു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു.

 

സംഭവത്തില്‍ കാര്‍ ഡ്രൈവറായ കളത്തിപ്പടി കൊളോനിയ ബ്യൂട്ടിപാര്‍ലര്‍ ഉടമ അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ റിക്ഷയില്‍ ആറ് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്.

 

ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍ കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
Comments

COMMENTS

error: Content is protected !!