മനുഷ്യനെ സൗന്ദര്യനുഭൂതികൾ കൊണ്ട് മത്തുപിടിപ്പിക്കുന്ന നെന്മാറ-വല്ലങ്ങിവേല ഇന്ന്
പാലക്കാട്:കേരളത്തിലെ അതിപ്രശസ്ത മത്സര പൂരങ്ങളിലൊന്നായ നെന്മാറ വല്ലങ്ങി വേല ഇന്ന്. (ഞായർ) പാലക്കാട് ജില്ലയിൽ കേരളാ തമിഴ്നാട് അതിർത്തിയിലെ നെൻമാറയിലെ നെല്ലികുളം ഭഗവതീ ക്ഷേത്രമാണ് പൂരച്ചടങ്ങളുടെ കേന്ദ്രസ്ഥാനം. നെന്മാറദേശക്കാരും വല്ലങ്ങിദേശക്കാരും അസാമാന്യമായ വാശിയോടെ ചമയിച്ചൊരുക്കുന്നതാണ് കോടികൾ ചെലവിടുന്ന ഈ മത്സരവേല. കേരളത്തിലെ അതിപ്രശസ്തരായ നാട്ടാനകൾ, വാദ്യകലാ കുലപതികൾ, അസാമാന്യ വൈഭവത്തോടെ പലതട്ടുകളായി പടുത്തുയർത്തുന്ന, വൈദ്യുത ദീപാലംകൃതമായ ആനപ്പന്തലുകൾ, ശബ്ദം കൊണ്ടും വർണ്ണവിസ്മയം കൊണ്ടും കണ്ണും കാതും തള്ളിപ്പോകുന്ന കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയാണ് ഈ വേലയുടെ സവിശേഷതകൾ. രണ്ടു ദേശക്കാരും അതീവ വാശിയോടെ ഒരുക്കുന്നവയാണ് ഇവയെല്ലാം.
കേരളത്തിൽ ഏറ്റവും കൂടുതൽ ഏക്കം വരുന്ന നാട്ടാനയായ പാമ്പാടി രാജനാണ് നെന്മാറ ദേശക്കാർക്ക് വേണ്ടി തിടമ്പേറ്റുക. തിരുവമ്പാടി രാജഗോപാലൻ, ഭരത് വിനോദ്, നന്ദിലത്ത് ഗോപാലകൃഷ്ണൻ, പാമ്പാടി സുന്ദരൻ, പറന്നൂർ നന്ദൻ, വരടിയം ജയറാം, ഗുരുവായൂർ സിദ്ധാർത്ഥൻ, മുള്ളത്ത് ഗണപതി തുടങ്ങിയവയാണ് നെന്മാറ ദേശക്കാർ അണിനിരത്തുന്ന ആനപ്രേമികളുടെ സ്നേഹഭാജനങ്ങളൾ.
വല്ലങ്കി ദേശക്കാരാകട്ടെ മംഗലാംകുന്ന് അയ്യപ്പന്റെ പുറത്താണ് തിടമ്പേററുക. തങ്ങളുടെ ദേശത്തിന്റെ അഭിമാനം കാക്കാൻ വല്ലങ്ങി ദേശക്കാരണിനിരത്തുന്നത്, പുതുപ്പള്ളി സാധു, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, വൈലാശ്ശേരി അർജ്ജുനൻ, നായരമ്പലം രാജശേഖരൻ, കീഴൂട്ട് വിശ്വനാഥൻ, നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ, ഗുരുവായൂർ ദാമോദരദാസ്, ബാസ്റ്റിൻ വിനയസുന്ദർ, പട്ടാമ്പി മണികണ്ഠൻ, മംഗലാംകുന്ന് മുക്കുന്ദൻ എന്നീ അതിപ്രശസ്തരായ ആനകളേയാണ്. ചോറ്റാനിക്കര വിജയൻ മാരാർ നെന്മാറ ദേശത്തിന് വേണ്ടി പഞ്ചവാദ്യമൊരുക്കുമ്പോൾ, കലാമണ്ഡലം ശിവദാസ് ആണ് പാണ്ടിമേളമൊരുക്കുന്നത്.
വല്ലങ്കി ദേശത്തിന് വേണ്ടി വാദ്യ ശ്രീപതി പനങ്ങാട്ടി മോഹനൻ പഞ്ചവാദ്യത്തിനും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പാണ്ടിക്കും മേളപ്രമാണിമാരാകും. നാരായണൻ കുട്ടി, മലക്കാവ് ഗോപിനാഥൻ, യൂനുസ് ചിരണി മുഹമ്മദ് എന്നിവരാണ് വല്ലങ്ങി ദേശത്തിന് വേണ്ടി കരിമരുന്നിൽ ദിഗന്തങ്ങൾ പൊട്ടുന്ന ശബ്ദഘോഷങ്ങളും വർണ്ണവിസ്മയവുമൊരുക്കുക. വല്ലങ്ങിക്കാവിലമ്മ, നെല്ലിക്കുളത്തമ്മ, കുറുംബ ഭഗവതി, സക്ഷാൽ മഹാദേവൻ എന്നീ ദേവന്മാരെ പ്രസാദിപ്പിക്കാനാണ് ഇരു ദേശക്കാരും വേലനടത്തുന്നത്.
നെല്ലിയാമ്പതി മലനിരകൾക്ക് താഴെയായി പശ്ചിമഘട്ട മേഖലയിലെ മലയോര ഗ്രാമമെന്നോ ചെറുനഗരമെന്നോ വിശേഷിപ്പിക്കാവുന്ന പ്രദേശമാണ്നെന്മാറ. ആദിവാസി വിഭാഗങ്ങൾ ധാരാളമായുള്ള ഒരിടം. വെയിലിൽ നെല്ലിനെ മലരായ് പൊരിച്ചെടുക്കാവുന്ന ചൂടാണ് പകൽ സമയത്ത്. എന്നാൽ രാത്രിയോടെ പനയോലകളെ വിറ കൊള്ളിച്ച് കടന്നുവരുന്ന കാറ്റ് ചൂടിന് അല്പം ശമനമേകും. ആദിവാസി വിഭാഗങ്ങൾ ഒരു വേലക്കാലം മുതൽ അടുത്ത വേലക്കാലം വരെ മുളങ്കുറ്റികളിൽ ഭഗവതിക്ക് വേണ്ടി നേർച്ചയിട്ട് സൂക്ഷിക്കുന്ന പണം മുതൽ ലോകത്തിന്റെ എല്ലാ കോണിലുമുള്ള ഇരു ദേശകാരും കയ്യയച്ച് നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് പല കോടികൾ ചെലവു വരുന്ന വേല അണിയിച്ചൊരുക്കുക. വലിയ കുമ്മാട്ടി മുതൽ പലതരം നാടൻ കലകൾ, ആനച്ചമയ പ്രദർശനം, വൈദ്യുതാലങ്കാര പ്രദർശനം, പുഷ്പച്ചമയ പ്രദർശനം തുടങ്ങി ധാരാളം സൗന്ദര്യാനുഭൂതികൾ സമ്മാനിക്കുന്നതാണ് നെന്മാറ,വല്ലങ്ങിവേല.കോവിഡിനെ തുടർന്ന് ആഘോഷങ്ങളില്ലാതെ രണ്ട് വർഷമായി നിറം മങ്ങി നിന്ന വേലയാണ്, ഇത്തവണ പൂർവ്വാധികം ശക്തമായി തിരിച്ചു വരുന്നത്.