‘മറ്റൊന്നും തോന്നരുത്’

കൊയിലാണ്ടി: കന്നൂരിലെ പ്രാദേശിക നാടക കൂട്ടായ്മയായ ‘നാടകദേശം’ അണിയിച്ചൊരുക്കിയ അഞ്ചാമത്തെ നാടകം, ‘മറ്റൊന്നും തോന്നരുത്’ നാളെ ഫെബ്രുവരി  28 ന് അരങ്ങിലെത്തും. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തിൽ നാടകത്തെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയാണ് നാടകദേശം.

രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് നാടകം അരങ്ങിലെത്തുന്നത്. മാസങ്ങളുടെ പരിശീലനത്തിനൊടുവിൽ 2020 മാർച്ചിൽ ആദ്യപ്രദർശനത്തിന് ഒരുങ്ങുമ്പോഴാണ് ലോക്ക്‌ഡൗൺ കാരണം അവതരണം മുടങ്ങിയത്. കഴിഞ്ഞ മാസം വീണ്ടും പരിശീലനം ആരംഭിച്ചെങ്കിലും കൊറോണ രണ്ടു തവണ പ്രദർശനം മുടക്കി. ഇതെല്ലാം അതിജീവിച്ച് അവസാനഘട്ട പരിശീലനം ഞായറാഴ്ച പൂർത്തിയായി. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചാണ് തിങ്കളാഴ്ച രാത്രി നാടകം അവതരിപ്പിക്കുന്നത്.

അഭിനയം, സാങ്കേതിക പ്രവർത്തനം, രംഗപടം, ചമയം, ഗാനരചന, ആലാപനം, സംഗീതം തുടങ്ങി അരങ്ങിലും അണിയറയിലും എല്ലാം തന്നെ കന്നൂരിലെ പ്രാദേശിക കലാകാരന്മായ മുപ്പത്തോളം പേരുടെ കൂട്ടായ പരിശ്രമത്തിൽ ജീവൻ വെച്ചതാണ്. മിക്ക പരിശീലന ദിവസങ്ങളിലും ഭക്ഷണവും മറ്റു സഹായങ്ങളും നൽകുന്നത് നാടകപ്രേമികളായ നാട്ടുകാരും പരിസരവാസികളുമാണ്. സംവിധായകൻ വിശ്വൻ നന്മണ്ട, സമിതി പ്രസിഡന്റ് ദേവദാസ് കടുക്കയിൽ, സെക്രട്ടറി കെ. പി. ശ്രീഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഇതോടൊപ്പം തന്നെ അടുത്ത നാടകത്തെപ്പറ്റിയുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.

Comments

COMMENTS

error: Content is protected !!