തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

കണ്ടനാർ കേളൻ

ഉയരത്തിൽ ആളിപ്പടരുന്ന തീയ്ക്ക് നടുവിലൂടെ പലവട്ടം കയറിയിറങ്ങുന്ന കണ്ടനാർ കേളൻ കാണുന്നവരിൽ ഭയവും സംഭ്രമവും ജനിപ്പിക്കുന്ന തെയ്യമാണ്. ഏറെ അപകടസാദ്ധ്യതയുള്ള ഈ തെയ്യം വയനാട്ടു കുലവനോടൊപ്പമാണ് സാധാരണയായി കെട്ടിയാടിക്കാറുള്ളത്.


വീരാരാധനയുടെ ഭാഗമായുള്ള തെയ്യമായ കണ്ടനാർ കേളന്റെ ചടങ്ങുകളിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം.\


ഐതിഹ്യം
പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആൺകുട്ടിയെ കളഞ്ഞുകിട്ടി. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അദ്ധ്വാന ശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ സഹായിച്ചു. ചക്കിയമ്മയുടെ അധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പദ് സമൃദ്ധിയിലായി. ഇതുപോലെ വയനാട്ടിലുള്ള തന്റെ സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മയ്ക്ക് തോന്നി. അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയുടെ വാക്കുകൾ അനുസരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിത്തെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു.

പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. പൂമ്പുനത്തിൽ എത്തി. നാല്കാടുകളും വെട്ടിത്തെളിച്ചു. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു. അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയനെന്നും കരാളിയെന്നും പേരുള്ള രണ്ടു നാഗങ്ങൾ വസിച്ചിരുന്നത്. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി.

മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി. നാലാമത്തേതും തീയിട്ടു.അഗ്നിയും വായുവും കോപിച്ചു. എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്നു കണ്ട കേളൻ അതിന്റെ മുകളിലേക്ക് ചാടിക്കയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി. കേളൻ അമ്മയെവിളിച്ചുകരഞ്ഞു. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി. കേ
ളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു. നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി. അവർ ചാരമായി തീർന്നു. തന്റെ പതിവു നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെ കണ്ടു. ദേവൻ തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു.
ദേവന്റെ പിൻകാലു പിടിച്ച് കേളൻ എഴുന്നേറ്റു. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജനിച്ച കേളൻ ദൈവക്കരുവായിമാറി. “ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാർ കേളൻ എന്ന് പ്രശസ്തനാകു”മെന്ന് വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ച്‌ തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു.


പൂമ്പുനത്തിലെ തീയിൽ നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം പലതവണ അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്. ആദ്യം നാലായിപ്പകുത്ത് മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു തീ കത്തിക്കുകയാണ് ചെയ്യുന്നത്.

തെയ്യം :
വണ്ണാൻ സമുദായക്കാരാണ് വളരെ അധികം അപകടകരമായ ഈ തെയ്യക്കോലം കെട്ടിയാടുന്നത്. “പൂക്കട്ടി മുടിയും” “ഇരട്ടച്ചുരുളിട്ടെഴുത്ത്” എന്ന മുഖത്തെഴുത്തുമാണ് കണ്ടനാർ കേളനുളളത്.

Comments

COMMENTS

error: Content is protected !!