മഴയിൽ കുതിർന്ന് കലോത്സവം പലയിടത്തും അരമണിക്കൂറോളം മഴപെയ്തു

കോഴിക്കോട്: മഴയിൽ കുതിർന്നും നനഞ്ഞും കലോത്സവം. ബുധനാഴ്ച വൈകീട്ടാണ് നഗരത്തിൽ ശക്തമായ മഴ പെയ്തത്. ഇതോടെ പകുതിയിലേറെ സ്ഥലങ്ങളിലെയും മത്സരങ്ങൾ നിർത്തിവെക്കേണ്ടിവന്നു. ഓഡിറ്റോറിയങ്ങളിൽ നടന്ന മത്സരങ്ങൾ മാത്രമാണ് ഈസമയം നടത്തിയത്.

 

മഴകാരണം പലയിടത്തും മത്സരം അരമണിക്കൂറോളം നിർത്തി. മഹിളാമാളിലെ സ്റ്റേജ് പ്രോവിഡൻസ് സ്കൂളിലേക്ക് മാറ്റി. എച്ച്.എസ്.എസ്. ആൺകുട്ടികളുടെ വിഭാഗം മൂകാഭിനയമാണ് മഴയെത്തുടർന്ന് മാറ്റിയത്.

 

കലോത്സവത്തിന്റെ പ്രധാനവേദിയായ ബി.ഇ.എം. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വേദി രണ്ടിൽ യു.പി. വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം നടന്നുകൊണ്ടിരിക്കുമ്പോൾ പെയ്ത മഴയിൽ വേദിയിലേക്ക് വെള്ളംകയറി മത്സരം മുടങ്ങി. മത്സരം നിർത്തിവെച്ച് അധ്യാപകരും വൊളന്റിയർമാരും ചേർന്നാണ് വേദിയിലെ വെള്ളം മാറ്റിയത്. മഴ തോർന്നശേഷം വീണ്ടും മത്സരം ആരംഭിക്കുകയായിരുന്നു. സാമൂതിരി എച്ച്.എസ്.എസ്. തളിയിലെ വേദി പത്തിൽ മഴ പെയ്തതിനാൽ എച്ച്.എസ്.എസ്. നാടകം നിർത്തിവെച്ചു. ഗവ. ഗണപത് ബോയ്സ് എച്ച്.എസ്.എസിലെ സ്വരാജ് വേദിയിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ പരിചമുട്ടുകളിയ്ക്കിടയിലാണ് മഴ പെയ്തത്.

 

കലോത്സവ വേദികളിൽ കെട്ടിയത് തുണിപ്പന്തലായതിനാലാണ് മഴ പെയ്തപ്പോൾ കാണികൾക്കായൊരുക്കിയ ഇരിപ്പിടങ്ങളിൽ ഇരിക്കാൻ പറ്റാതായതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സ്റ്റേജിന മത്സരങ്ങൾ മറ്റു വേദികളിലേക്ക് മാറ്റിയിരുന്നു.

 

Comments

COMMENTS

error: Content is protected !!