മഴയെ സ്വപ്നം കണ്ടുറങ്ങുന്ന പുഴ…. എന്റെ പുഴ,യെന്ന് എംടി പറയുന്നതുപോലെയുള്ള അനുഭവങ്ങൾ അല്ലാതെ മറ്റൊന്നുമായിരുന്നില്ല; സാധാരണ മലയാളിക്ക് അന്താരാഷ്ട കാൽപന്തുകളിയും മത്സരങ്ങളും. അവർക്കായി കാലം കാത്തുവെച്ച സ്വപ്ന സാക്ഷാത്കാരം ആയി മാറുകയാണോ ഖത്തറിലെ ഫുട്ബോൾ മാമാങ്കം? ഖത്തറിൽ നിന്ന് ബിബിത്ത് കോഴിക്കളത്തിൽ എഴുതുന്നു

മുപ്പത്തിരണ്ട് ടീമുകളിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്ന ലോകകപ്പ് ഫൈനലിലേക്ക് നീങ്ങുമ്പോൾ, ഖത്തറിലേക്ക് തണുപ്പും അരിച്ചിറങ്ങിത്തുടങ്ങിയിരിക്കുന്നു. തണുപ്പു കാലമായതുകൊണ്ടാണ് പതിവിനു വിപരീതമായി ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിയത്. ഖത്തർ ദേശീയ ദിനം കൂടിയാണ് ഫൈനൽ കളിക്കുന്ന ഡിസംബർ 18.

ഖത്തറിൽ തിരക്കൊഴിയുകയാണ്. കച്ചവടകേന്ദ്രങ്ങളിലും മാളുകളിലും മെട്രോകളിലും കളിക്കളത്തിലെ രാജ്യത്തിലെ ജനങ്ങൾ മാത്രമായിച്ചുരുങ്ങിയിരിക്കുന്നു.

സെമിഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ മിക്കവാറും ടീമുകളും അവരുടെ ആരാധകരും അവരവരുടെ രാജ്യങ്ങളിലേക്ക് അതിവേഗം മടങ്ങിക്കൊണ്ടിരിക്കുന്നു. ഏറ്റവുമധികം ആവേശത്തോടേയും ആരവത്തോടേയും സ്റ്റേഡിയത്തേയും പൊതുവിടത്തേയും മുഖരിതമാക്കിയത് അർജന്റീനയുടെ ആരാധകരും രാജ്യക്കാരുമായിരുന്നു. സിരകളിൽ കാൽപന്തുകളിയുടെ ചോരയൊഴുകുന്ന ലാറ്റിനമേരിക്കൻ പാരമ്പര്യത്തിന്റെ നേരവകാശികൾ!

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കേരളക്കാരും പൊതുവിൽ ഖത്തറിൽ ജീവിക്കുന്ന മറ്റുരാജ്യക്കാരും വിദേശ മാധ്യമങ്ങളും ഉയർത്തിയ ആശങ്കകളേയും വെല്ലുവിളികളേയും സംഘാടനത്തിന്റേയും ആതിഥേയത്വത്തിന്റെയും തെളിനീർ വെള്ളത്തിലലിയിച്ചു കളഞ്ഞാണ് ഈ ദിവസങ്ങളത്രയും കടന്നുപോയത്.

പത്തു ലക്ഷത്തിലധികം ആളുകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തുമ്പോൾ നിലവിലെ റോഡുകൾ മതിയാകുമോ? ട്രാഫിക് എന്താകും? എങ്ങനെ സ്റ്റേഡിയങ്ങളിലെത്തിപ്പെടും? എന്നൊക്കെയായിരുന്നു ചർച്ചകൾ. കോവിഡ് മൂലം രണ്ടുവർഷക്കാലത്തോളം നിലച്ചുപോയ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി പൂർത്തിയാക്കാൻ ഖത്തർ ഭരണാധികാരികൾക്ക് കഴിഞ്ഞു.

ഖത്തറിന്റെ സാമൂഹ്യജീവിതത്തെയോ ദൈനംദിനെയുള്ള മറ്റു ബിസിനസ്സുകളെയോ യാത്രാസംവിധാനങ്ങളെയോ ഒന്നും തന്നെ ഈ തിരക്കുകൾ ബാധിച്ചില്ല. കാര്യങ്ങൾ എല്ലാം മുറപോലെ നടന്നു. പലപ്പോഴും നഗരത്തിലെത്തിപ്പെടുന്നവർ അത്ഭുതപ്പെട്ടുപോകും… എവിടെയാണ് പരിപാടികൾ നടക്കുന്നത് എന്ന്. അത്രമാത്രം സുസംഘടിതമായ രീതിയിലാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഈ മേള സംഘടിപ്പിക്കപ്പെട്ടത്. ആളുകൾ കൂട്ടം ചേർന്നിയിടങ്ങളിലൊക്കെ ആഹ്ളാദത്തിനും വിനോദത്തിനുമുള്ള വിഭവങ്ങൾ ഉണ്ടായിരുന്നു.

കേരളത്തിന്റെ രണ്ടു ജില്ലകളുടെ മാത്രം വലിപ്പമുള്ള ഈ രാജ്യത്തിന്റെ സംഘാടനശേഷിയേയും ആഥിത്യമര്യാദയേയും പുകഴ്ത്താതെ ആരും കടന്നുപോയിട്ടില്ല. പല ഫുട്ബോൾ മേളകൾ കണ്ട രാജ്യക്കാർ പത്രക്കാരോടും ചോദിക്കുന്നവരോടും പറയാനുള്ളത് ഇത്രമാത്രം. എമേസിംഗ്! ഇൻഗ്രഡിബിൾ! മാർവലസ് !…… പുകഴ്ത്താൻ വാക്കുകളില്ലാതെ പരുങ്ങുകയാണ് പല ദേശങ്ങളിൽനിന്നും വന്നുചേർന്നവർ.

ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കാണികളായി മാത്രം ഏതാണ്ട് തൊണ്ണൂറായിരം പേരെയാണ് എത്തിക്കേണ്ടിയിരുന്നത്. ഇടതടവില്ലാതെ ഓരോ മിനിറ്റിലും കാണികൾ മെട്രോയും രാജ്യത്തിന്റെ തന്നെ പല കൈവഴികളിൽ നിന്നും ബസ്സിലും ടാക്സികളിലുമായി അവിടെ എത്തിച്ചേർന്നുകൊണ്ടിരുന്നു. പ്രൈവറ്റ് വാഹനങ്ങളുള്ളവർ അതിലും എത്തി. സൗകര്യപ്രദമായി ഒരുക്കിയ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് നടന്നുപോവുകയായിരുന്നു ആളുകൾ. ഒട്ടും മുഷിപ്പോ അപസ്വരങ്ങളോ ഇല്ലാത്തവിധം ആർത്തിരമ്പുന്ന ജനസഞ്ചയം. വിവിധ ഭാഷയിൽ വിവിധ വർണങ്ങളിൽ അവരൊരു നദീപ്രവാഹമായി അലിഞ്ഞുചേരുകയായിരുന്നു. അത്യന്തം മനോഹമായ കാഴ്ചകൾ കണ്ടും കേട്ടും മുന്നേറുന്ന പ്രവാഹം… ഖത്തർ മെട്രോയെ ഇക്കാര്യത്തിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏതാണ്ട് ഏഴോ എട്ടോ നിലകളുടെയത്രയും ആഴത്തിലാണ് മെട്രോ ഓടിക്കൊണ്ടിരിക്കുന്നത്. മെട്രോകളിൽനിന്നും വിവിധ വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്ക് ചെറുതും വലുതുമായ ബസ് സർവീസുകൾ നിരന്തരം ഓടിക്കൊണ്ടിരുന്നു. ഏതാണ്ട് നാലായിരത്തോളം ബസുകളാണ് സർവീസ് നടത്തിയത്. ഇതിലെല്ലാം സർവീസ് ഫ്രീയായിരുന്നുവെന്നതാണ് അത്ഭുതകരമായ മറ്റൊരു വസ്തുത. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ ഇതൊക്കെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി മാറുമായിരുന്നു.

കളി സ്ഥലത്ത് എത്തുന്നവർക്കാകട്ടെ തങ്ങളുടെ ഇഷ്ട ടീമിന്റെ ചെറുതും വലുതുമായ പതാകകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. എവിടെയും ആർക്കും തിരക്കുകൾ അനുഭവപ്പെടുന്നില്ല. വളരെ എളുപ്പത്തിൽ എല്ലാവർക്കും പ്രവേശിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ. ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതെന്നോർക്കണം. ഇടവേളകളിൽ ഇവർക്കെല്ലാം പോകാവുന്ന തരത്തിലുള്ള ബാത്ത് റൂം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ മെട്രോകൾക്കു സമീപവും ശുചിമുറി വളരെ വൃത്തിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിന് പുറത്ത് ഒരു തുള്ളിവെള്ളം പോലും നിങ്ങൾക്ക് കാണാനാവില്ല. കണ്ടെയ്നറുകളാൽ നിർമ്മിതമായ അത്തരം അനേകം ശുചിമുറികൾ എല്ലാ സ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. ആർക്കും ഒരു പരാതിക്കുമിടയില്ലാത്തവിധമുള്ള സംഘാടനം.

കളി കഴിഞ്ഞ് തിരിച്ചുപോകവേ വിവിധരാജ്യക്കാരുടെ താളമേളങ്ങൾ ജയിച്ചവർക്ക് ആഹ്ലാദിക്കാനും തോറ്റവർക്ക് താൽക്കാലികമായി വിഷമം മറക്കാനുമുള്ള അവസരങ്ങളൊരുക്കുന്നു. ഏറ്റവും അവസാനത്തെ കാണിയും അവരവരുടെ വീടുകളിലെത്തുന്നു എന്നു ഉറപ്പുവരുത്തുന്ന ഒരു സംവിധാനം. എനിക്കിറങ്ങേണ്ട മെട്രോയ്ക്ക് പുറത്ത് ഒരു മലയാളി വളണ്ടിയർ ഇരിക്കുന്നുണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ കടമേരിയിലാണ്. രാത്രി മൂന്നുവരെ നീണ്ടുനിൽക്കുന്ന പ്രതിഫലരഹിതമായ ഈ സേവനം കഴിഞ്ഞുവേണം അയാൾക്കുപോയി കിടന്നുറങ്ങാനും പിറ്റേന്ന് ജോലിക്ക് പോകാനും. മലയാളികളുൾപ്പെടെ ഇത്തരത്തിൽ ലക്ഷക്കണക്കായ വ്യക്തികളാണ് സ്വയംസന്നദ്ധമായി ഈ ലോകകപ്പുമായി സഹകരിക്കുന്നത്.

സ്റ്റാമ്പു കലക്ഷൻപോലെ ഉപയോഗിച്ച ടിക്കറ്റുകൾ കലക്റ്റ് ചെയ്യുന്നവരേയും വഴിവക്കിൽ കാണാം. അവർ പ്ലക്കാർഡ് ഉയർത്തി തങ്ങളുടെ ആവശ്യം കളിക്കാരെ അറിയിക്കുകയായിരുന്നു. പലരും ടിക്കറ്റുകൾ കൊടുക്കുന്നത് കണ്ടു.

അൽബിദയിലും കോർണീഷിലുമുൾപ്പെടെ ഒരുക്കിയ ഫാൻസോണുകളിലും ലക്ഷങ്ങളാണ് പടുകൂറ്റൻ സ്ക്രീനിൽ കളിയാസ്വദിച്ച് മടങ്ങിയത്. കളികൾ തുടങ്ങുന്നതിന് മുമ്പ് ലോകപ്രശസ്തരായ ആളുകളുടെ പാട്ടുകളും ബാന്റുകളുംകൊണ്ട് ആഹ്ളാദനിർഭരമാകുന്ന അന്തരീക്ഷം. ചില സ്റ്റേഡിയങ്ങൾക്ക് സമീപവും ഇത്തരം സംഗീത പരിപാടികൾ നടക്കുന്നതായി കണ്ടിരുന്നു.

എന്നെങ്കിലും ഒരു ലോകകപ്പ് കാണുമോയെന്നത് സ്വപ്നത്തിൽപ്പോലുമില്ലാത്ത മൂന്നാം ലോക രാജ്യത്തിലെ ജനങ്ങൾക്ക്, വിശേഷിച്ച് മലയാളികൾക്കു കൈവന്ന അസുലഭമായ അവസരമായിരുന്നു ഈ ലോകകപ്പ്. ഏറ്റവുമധികം മലയാളികൾ കണ്ട ലോകകപ്പാണ് ഇപ്പോൾ ഖത്തറിൽ നടക്കുന്നത്.

ആനന്ദിക്കാനുള്ള മനുഷ്യാവകാശങ്ങളുടെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളാണ് ഫുട്ബോൾ ഒരുക്കുന്നത്. അവിടെ ജാതിയോ മതമോ ദേശ ഭാഷാഭേദങ്ങളോയില്ല. പച്ചപ്പുൽമൈതാനമാണ് ദേശം. ഫുട്ബോളെന്ന കളിയാണ് അവരുടെ രാജ്യവും ഭാഷയും….. കളിക്കാരാണ് ദൈവങ്ങൾ….

കളികൾ തുടരുകതന്നെയാണ്.

ബിബിത്ത് കോഴിക്കളത്തിൽ

Comments

COMMENTS

error: Content is protected !!