KERALA

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരും

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്, ഗോവ, ക‍ര്‍ണാടക, വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴയ്ക്ക് സാധ്യത.

തെലങ്കാനയിലും കർണാടകയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലെ മഹബൂബ് നഗറില്‍ സ്കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. ബസ്സിലുണ്ടായിരുന്ന 30 കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞും മരം വീണും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. രണ്ട് ദിവസത്തേക്ക് കൂടി തെലങ്കാനയിലും കര്‍ണാടകയിലെ നാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

മംഗ്ഗൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വരെ അവധി നൽകിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button