മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മക്കള്‍ക്കുനല്‍കുന്ന സ്വത്തിന്റെ ആധാരമെഴുത്തില്‍ മാറ്റം വരുന്നു
മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മക്കള്‍ക്കുനല്‍കുന്ന സ്വത്തിന്റെ ആധാരമെഴുത്തില്‍ മാറ്റം വരുന്നു. സ്വത്ത് കൈമാറുന്ന അമ്മയെയോ അച്ഛനെയോ മരണം വരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥകൂടി ആധാരത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയിലായിരിക്കും മാറ്റം.
സംരക്ഷണം നല്‍കാം എന്ന വ്യവസ്ഥയില്ലാത്ത ആധാരങ്ങള്‍ റദ്ദാക്കരുതെന്ന് ഒരു കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബറില്‍ സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആധാരങ്ങളില്‍ മരണംവരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.
2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമപ്രകാരം ഇവരുടെ പരാതികള്‍ പരിഗണിക്കേണ്ടത് മെയിന്റനന്‍സ് ട്രിബ്യൂണലുകളാണ്. റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സബ്കളക്ടര്‍മാരാണ് ട്രിബ്യൂണലുകളുടെ അധ്യക്ഷരാവുക.