ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ന്യുമോണിയ ബാധിച്ചു നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്‌ധ ചികിത്സയ്ക്കായിബാംഗ്ലൂരിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ കുടുംബം ഇന്ന് അന്തിമ തീരുമാനം എടുക്കും. എഐസിസി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ബെന്നി ബഹനാൻ എംപി നിംസ് ആശുപത്രിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സ ബംഗളൂരുവിൽ തന്നെ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് കുടുംബം. നിംസ് ആശുപത്രിയിലെ ചികിത്സ പൂർത്തിയായതായും നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ മഞ്ജു തമ്പി അറിയിച്ചു.

ഇന്നലെ വൈകിട്ട് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ ഉമ്മൻചാണ്ടിയെ പരിശോധിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തുടർ ചികിത്സയ്ക്ക് അദ്ദേഹത്തിന്റേയും കുടുംബാംഗങ്ങളുടേയും താത്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തടസ്സമില്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്.

തുടര്‍ ചികില്‍സക്കായി കൊണ്ടുപോകുന്നതിലും എങ്ങനെ കൊണ്ടുപോകണമെന്നതും കുടുംബം തീരുമാനിച്ച് അറിയിക്കും. തുടര്‍ ചികിത്സക്ക് പോകണമെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ആയാലുടന്‍ ഡിസ്ചാര്‍ജ് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങും.

തുടര്‍ ചികില്‍സക്കായി കൊണ്ടുപോകുന്നതില്‍ ആശുപത്രിയുടെ സഹായം ചോദിച്ചാല്‍ അത് നല്‍കാന്‍ തയാറാണ്. ഉമ്മന്‍ചാണ്ടിക്ക് ഒപ്പം പോകാന്‍ രണ്ട് ഡോക്ടര്‍മാരേയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ടെന്നും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.

Comments
error: Content is protected !!