മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി


അരിക്കുളം: ഒത്തുകൂടലുകൾ അന്യംനിന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് പൊതു ഇടങ്ങൾ സംരക്ഷിച്ചു നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഒ എം  കൃഷ്ണകുമാർ പറഞ്ഞു. അരിക്കുളത്ത് വർഷങ്ങളായി പൊതുപരിപാടികൾ സംഘടിപ്പിച്ചു വരുന്നതും കുട്ടികൾ കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതുമായ പള്ളിക്കൽ കനാൽ സൈഫണിന് സമീപമുളള പുറമ്പോക്ക് ഭൂമിയിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽനടന്ന ബഹുജന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭരണ കേന്ദ്രം പണിയാൻ പത്ത് സെന്റ് ഭൂമി വിട്ടു കൊടുക്കാൻ കലക്ടർ നിർദ്ദേശിച്ചുവെങ്കിലും ജലസേചന വകുപ്പ് അഞ്ച് സെന്റ് സ്ഥലം മാത്രമേ പഞ്ചായത്തിന് താത്ക്കാലികമായി വിട്ടു നൽകിയിട്ടുള്ളു. ഈ മേഖലയിൽ രണ്ട് തവണ സൈഫൺ പൊട്ടി ജലം താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ഒഴുകിയിരുന്നു. അതിനാൽ കിണർ കുഴിയ്ക്കാൻ അനുമതി ഇല്ലെന്ന് ജലസേചന വകുപ്പ് നൽകിയ വിവരാവകാശ രേഖയിലൂടെ മനസ്സിലാവുന്നു. നിലവിൽ അരിക്കുളം പഞ്ചായത്തിൽ എം സി എഫ്  പണി പൂർത്തിയായതായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നൽകിയ വിവരാവകാശ രേഖയിലൂടെയും വ്യക്തമാവുന്നു.

പൊതു ഇടം ഇല്ലാതാക്കി മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികൾ. 118 പേർ പങ്കെടുത്ത ഒൻപതാം വാർഡ് ഗ്രാമ സഭയിൽ ഒരാളൊഴികെ മറ്റെല്ലാവരും കളിസ്ഥലം നഷ്ടപ്പെടുത്തി മാലിന്യസംഭരണകേന്ദ്രം കൊണ്ടുവരാനുള്ള
പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെയുള പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതാണ്. രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. സി.രാഘവൻ സ്വസ്ഥവൃത്തം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി, അനസ് കാരയാട്, കെ.എം. സുഹൈൽ, സതീദേവി പള്ളിക്കൽ,പി. കുട്ടികൃഷ്ണൻ നായർ , ടി.എം. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.കെ. അൻസാരി, പ്രസാദ് ഇടപ്പള്ളി, ഇ.സുനിൽകുമാർ ,സുകുമാരൻ മഠത്തിൽ, സ്മിത പള്ളിക്കൽ, പ്രസന്ന ശ്രീകൃഷ്ണ വിഹാർ, ബാലകൃഷ്ണൻ ചെറിയ കോയിക്കൽ, മണി ഇടപ്പള്ളി, മജീദ് തൊണ്ടി ച്ചങ്കണ്ടി നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!