മാസങ്ങളായി ബില്ലടയ്ക്കാത്തതിനാല്‍ മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മാസങ്ങളായി ബില്ലടയ്ക്കാത്തതിനാല്‍ മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വിദ്യാഭ്യാസ ഓഫീസുകള്‍, പട്ടിക ജാതി വികസന ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിച്ചു.
കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്.
പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അതേസമയം എന്ന് ബില്ലയടയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.