മേഘങ്ങൾ ഗോവ തീരത്തേക്ക്, കേരളത്തിൽ മഴയൊഴിഞ്ഞു; പ്രതീക്ഷ ബാക്കി

 

പാലക്കാട്∙ വടക്കേ‍ാട്ടു മാറിയ മഴക്കാറുകൾ അവിടെയും പെയ്യാതെ ഗേ‍ാവതീരത്തേക്കു നീങ്ങിയതേ‍ാടെ സംസ്ഥാനത്ത് ഏതാണ്ട് മഴയെ‍ാഴിഞ്ഞു. കാലവർഷം ആരംഭിച്ച ജൂൺ ഒന്നുമുതൽ മഴ മുറിഞ്ഞും, മാറി നിന്നും ആശങ്ക ഉയർത്തിയതിനു പിന്നാലെയാണ് ഈ ഇടവേള. ഈ കാലയളവിൽ സാധാരണ ഉണ്ടാകേണ്ട മഴയേക്കാൾ 35 ശതമാനം കുറവാണ് ഇത്തവണ കിട്ടിയത്. പലയിടത്തും വേനൽമഴ കുറഞ്ഞ തേ‍ാതിൽപേ‍ാലും കിട്ടിയില്ലെന്നിരിക്കേയാണ് ഈ സാഹചര്യം

കാലവർഷത്തിന്റെ അവസാനഘട്ടത്തിൽ മഴക്കുറവ് നികത്തപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനമെങ്കിലും എൽനീനേ‍ാ പ്രതിഭാസം അനുകൂലമല്ലെന്നാണു പുതിയ നിരീക്ഷണം. എൽനീനേ‍ാ എതാണ്ട് 50 ശതമാനം വ്യാപിച്ചതായാണു സ്വകാര്യ കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇത്തവണ കാലവർഷകാലത്ത് 92 ശതമാനം മഴ ലഭിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേയ് ആദ്യം പ്രവചിച്ചത്. എൽനീനേ‍ാ കാര്യമായി സ്വാധീനിക്കില്ലെന്നു വിലയിരുത്തിയെങ്കിലും അതിനു വിപരീതമായാണ് പിന്നീടുണ്ടായ മാറ്റങ്ങൾ. ഒരു വേനൽമഴപേ‍ാലും ലഭിക്കാത്ത പ്രദേശങ്ങൾ ശുദ്ധജല ക്ഷാമത്തിലാണ്.

 

അതേസമയം പലയിടങ്ങളിലും തുടർച്ചയായി തീവ്രമഴ ലഭിക്കുകയും ചെയ്തു. കുറച്ചുവർഷമായുള്ള മഴയുടെ ഈ ക്രമം തെറ്റൽ ഇത്തവണ ശക്തമാണെന്ന് കൊ‍ച്ചി റഡാർ ഗവേഷണകേന്ദ്ര അധികൃതർ നിരീക്ഷിക്കുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ തെക്കൻ ജില്ലകളിൽ ലഭിച്ച മഴ പിന്നീടു വടക്കേ‍ാട്ടുമാറി. ഈ ജില്ലകളിൽ വേനൽമഴ പേരിനുമാത്രമാണു കിട്ടിയത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം ഉണ്ടായി കാലവർഷം ശക്തിപ്പെടുമെന്ന നിഗമനം തെറ്റി. അസാധാരണമായുണ്ടായ വായു ചുഴലിക്കാറ്റ് കാലവർഷക്കാറ്റിനെ ഒതുക്കിയെന്നാണു നിരീക്ഷണം.

 

കാലവർഷത്തിന് അനുകൂലമായ പല ഘടകങ്ങളും ചുഴലിയിൽപ്പെട്ടു. ഇന്നു വരെയുള്ള കണക്കനുസരിച്ച് വയനാട്ടിലാണ് കാലവർഷം കുറവ്, 55 ശതമാനം. എന്നാൽ വേനൽമഴ കുടുതൽ ലഭിച്ചത് ഇവിടെയാണ്, 92 ശതമാനം. കണ്ണൂർ, കാസർകേ‍ാട് ജില്ലകളിൽ ഇന്നലെ കനത്തമഴ ലഭിക്കുമെന്ന ജാഗ്രതാ നിർദേശമുണ്ടായെങ്കിലും കാലവർഷം ഒറ്റമഴയിൽ ഒതുങ്ങി. ന്യൂനമർദത്തിന്റെ വ്യക്തമായ സൂചനകൾ ലഭിക്കാത്തതിനാൽ ഇപ്പേ‍ാഴത്തെ അവസ്ഥയിൽ പെട്ടെന്നെ‍ാരു മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. മഴമാറ്റം കാർഷിക മേഖലയിൽ വലിയ വിഷമമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഡാമുകളിലെ ജലത്തിന്റെ അളവിന്റെയും സ്ഥിതി അത്രമെച്ചമല്ല.
Comments

COMMENTS

error: Content is protected !!