മികവിന്റെ പാതയിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം

വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യമേഖലയില്‍ കൂടുതല്‍ മികവ് പുലർത്തി പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം. പകര്‍ച്ചവ്യാധികളുടെ വ്യാപ്തി ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കൃത്യമായ പ്രവർത്തനങ്ങളിലൂടെ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്.

ഊര്‍ജ്ജിത ഉറവിടനശീകരണ പരിപാടിയായ ‘പടയൊരുക്കം’ വഴി ഓരോ വാര്‍ഡിലും ഒരു പ്രത്യേക ദിവസം തിരഞ്ഞെടുത്ത് എല്ലാ മേഖലകളിലുമുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടപ്പാക്കി വരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ശുചിത്വമുള്ള വീടിന് പ്രത്യേക സമ്മാനം നല്‍കുകയും ചെയ്യുന്നു.

സമഗ്ര എലിപ്പനി നിര്‍മ്മാര്‍ജ്ജന പരിപാടിയായ ക്വിറ്റ് വീല്‍സിലൂടെ ക്ഷീര കര്‍ഷകര്‍ക്കും തൊഴിലുറപ്പ് ജോലിക്കാര്‍ക്കും ശില്‍പശാലകള്‍, ഡോക്‌സി കോര്‍ണര്‍, കുടുംബശ്രീ വഴി എലിക്കെണി വിതരണം എന്നിവ നടത്തി വരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന, ഹെല്‍ത്ത് കാര്‍ഡ്, ഹിന്ദി ഭാഷയില്‍ ബോധവത്കരണ ക്ലാസ് എന്നിവ ‘ആതിഥേയം’ പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ ഉറവിട നശീകരണ ശീലവത്കരണത്തിന് ‘കൊതുകിനെതിരെ കുട്ടിപ്പട്ടാളം’ പദ്ധതി അവതരിപ്പിച്ചു. പ്രത്യേകം കാര്‍ഡുകള്‍ അച്ചടിച്ച് നല്‍കി സ്വന്തംവീട്ടില്‍ ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടത്തി കാര്‍ഡില്‍ രേഖപ്പെടുത്തുകയും ഏറ്റവും നന്നായി ചെയ്യുന്ന ഓരോ ക്ലാസ്സിലേയും കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.

‘കുട്ടി ഡോക്ടര്‍’ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, പകര്‍ച്ചവ്യാധി പ്രതിരോധം, ഫസ്റ്റ് എയിഡ്, ബി.എല്‍.എസ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, എഫ്.എ ബോക്‌സ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും നൽകുന്നു.

വര്‍ഷത്തില്‍ മൂന്ന് തവണ പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ നടത്തി വരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ പൊതു കിണറുകള്‍ക്കായി ക്ലോറിനേഷന്‍ രജിസ്റ്റര്‍. ക്ലോറിനേഷന്‍ തിയ്യതി, സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തും.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെയും എകോപിപ്പിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുന്നു എന്നതാണ് ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച ആശുപത്രിയുടെ പ്രത്യേകത.

Comments

COMMENTS

error: Content is protected !!