LOCAL NEWS
മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഖാദി വിഷു റംസാൻ മേളയ്‌ക്ക് തുടക്കം.

വൈവിധ്യമാർന്ന സിൽക്ക് സാരികൾ, ഡുബിയൻ സിൽക്ക് ഷർട്ട്‌പീസുകൾ, കുപ്പടം ദോത്തികൾ, ബെഡ്ഷീറ്റുകൾ, ഷർട്ട്പീസുകൾ, ഡാക്കാ മസ്ലിൻ തുണിത്തരങ്ങൾ, റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ, ഉന്നം നിറച്ച കിടക്കകൾ എന്നിവ ലഭ്യമാണ്. കൂടാതെ മനംകവരുന്ന കരകൗശല വസ്തുക്കൾ, തേക്കിൻതടിയിൽ തീർത്ത ഫർണിച്ചറുകൾ, ലതർ ഉൽപ്പന്നങ്ങൾ, പാലക്കാടൻ മൺപാത്രങ്ങൾ, ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ, പരവതാനികൾ, തേൻ, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരത്തിൽപരം ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഖാദിയുടെ എല്ലാവിധ ഉൽപ്പന്നങ്ങളും ലഭ്യമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
മെയ് 3 വരെ നീളുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും ഫർണിച്ചറുകൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത ക്രെഡിറ്റ് സൗകര്യവുമുണ്ട്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെ കെ മുരളീധരൻ അധ്യക്ഷനായി. കെഎസ്ആർആർഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം സൈനുദ്ദീൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. കൗൺസിലർ എസ് കെ അബൂബക്കർ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ വി റാണി എന്നിവർ സംസാരിച്ചു. പി വിശ്വൻ സ്വാഗതവും എൻ കൃഷ്ണകുമാരൻ നന്ദിയും പറഞ്ഞു.
Comments