മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും സ്വയംനിരീക്ഷണത്തിൽ; തീരുമാനം മലപ്പുറം കലക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ
കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം കലക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. അപകട സ്ഥലത്തെത്തിയ ആറ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽപോകും.
മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നത്. ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി എ സി മൊയ്‌തീൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.