മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം

മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം.  മന്ത്രിസഭായോഗമാണ് ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത്.  സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർദ്ധിച്ചത്.  തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. 

അതേസമയം താൻ പദവി ആഗ്രഹിച്ചിരുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രൊഫ കെവി തോമസ് പറഞ്ഞു . ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെയുള്ള നിയമനം ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയിൽ വന്നപ്പോൾ തന്നെ നേരിട്ട് വിളിപ്പിച്ച് അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘താൻ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവൻ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ദില്ലിയിലെ 50 വർഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.’

‘മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയിൽ വന്നപ്പോൾ തന്നെ വിളിപ്പിച്ചിരുന്നു, നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയി സർക്കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാൻ അന്നത്തെ ടൂറിസം മന്ത്രിയിൽ നിന്ന് സഹായങ്ങൾ കിട്ടിയിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കളുമായും, ഡി രാജയടക്കമുള്ളവരുമായും നല്ല ബന്ധമായിരുന്നു. ആ ബന്ധങ്ങളൊക്കെ പ്രയോജനപ്പെടുത്തും.’ ഉത്തരവാദിത്തങ്ങൾക്ക് വലുപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

COMMENTS

error: Content is protected !!