മുൻ വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജ്‌ അന്തരിച്ചു

ന്യൂഡൽഹി:  മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ്‌ അന്തരിച്ചു. 67 വയസ്സായിരുന്നു.ന്യൂഡൽഹി എയിംസിൽ ഹൃദയാഘാതത്തെ തുടർന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. രാത്രി 10.20 ഓടെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഒന്നാം മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു.ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു.   2016ൽ വൃക്കമാറ്റിവച്ചിരുന്നു.

 

സുഷ്‌‌മ സ്വരാജിലൂടെ നഷ്ടമാകുന്നത്‌ ബിജെപിയുടെ വേറിട്ടമുഖമാണ്‌. ആർഎസ്‌എസിന്റെയും ബിജെപിയുടെയും തീവ്രനിലപാടുകൾ മുറുകെ പിടിക്കുമ്പോഴും ജനകീയയായി പ്രവർത്തിക്കാൻ ശ്രമിച്ചു.

 

വാജ്‌പേയിയുടെയും പിന്നീട്‌ എൽ കെ അദ്വാനിയുടെയും ചേരിയിലായിരുന്ന സുഷ്‌മ, വ്യക്തിപ്രഭാവത്തിലൂടെയാണ്‌ ഒന്നാം  മോഡി സർക്കാറിൽ വിദേശകാര്യ മന്ത്രിയായത്‌. നയതന്ത്രതലത്തിലടക്കം സുഷ്‌മ സ്വീകരിച്ചനിലപാടുകൾ ശ്രദ്ധേയമായിരുന്നു. വനിതാസംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ രാഷ്‌ട്രീയനിലപാടുകൾക്ക്‌ അതീതമായി പ്രവർത്തിച്ചു.

 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിൽനിന്ന്‌ വിട്ടുനിന്നു.വിദേശകാര്യമന്ത്രിയായിരിക്കെ  പ്രവാസികളുടെ പ്രശ്‌നങ്ങളിൽ മനുഷ്യത്വപരമായി ഇടപെട്ടു.
1953ൽ ഹരിയാനയിൽ അംബാലയിലാണ്‌ ജനിച്ചത്‌. അച്‌ഛൻ ഹർദേവ്‌ ശർമ ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്നു. സംസ്‌കൃതത്തിലും രാഷ്‌ട്രതന്ത്രത്തിലും നിയമത്തിലും ബിരുദംനേടി. 1973 മുതൽ സുപ്രീംകോടതി അഭിഭാഷകയായി. 1970മുതൽ എബിവിപിയിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്ത്‌ എത്തിയത്‌.

 

ജോർജ്‌ ഫെർണാണ്ടസിന്റെ നിയമപ്രതിരോധ സേനയിലൂടെയാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. അടിയന്തരാവസഥയ്‌ക്ക്‌ ശേഷം ജനസംഘവുമായി അടുത്തു. പിന്നീട്‌ ബിജെപിയിൽ ചേർന്നു. 27–-ാം വയസിൽ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റായി.

 

1977ൽ ഹരിയാനയിൽ ദേവിലാൽ മന്ത്രിസഭയിൽ ഏറ്റവും പ്രായ കുറഞ്ഞ മന്ത്രിനിലയിലാണ്‌ രാജ്യശ്രദ്ധയിലെത്തിയത്‌. വാജ്‌പേയി മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

 

1990ൽ രാജ്യസഭാംഗമായി. 1996ൽ ദക്ഷിണ ഡൽഹിയിൽനിന്ന്‌ ലോക്‌സഭയിലെത്തി. 1999ൽ ബെല്ലാരിയിൽ കോൺഗ്രസ്‌ നേതാവ്‌ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ്‌ ബിജെപിയുടെ ദേശീയമുഖമായത്‌.

 

ഭർത്താവ് സ്വരാജ്‌ കൗശൽ മുൻ രാജ്യസഭാംഗവും മിസോറാം മുൻ ഗവർണറുമായിരുന്നു. മകൾ: ബാംസുരി (അഭിഭാഷക).

 

സുഷ്‌‌മയുടെ മരണസമയത്ത്‌ കേന്ദ്രമന്ത്രിമാരായ  രാജ്‌നാഥ്‌ സിങ്‌, നിതിൻ ഗഡ്‌കരി,ഹർഷ്‌ വർധൻ എന്നിവർ ആശുപത്രിയിൽ ഉണ്ടായിരുന്നു. സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി, നയതന്ത്ര രംഗങ്ങളിൽ സുഷമ സ്വരാജിന്റെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നെന്ന്‌ മുഖ്യമന്ത്രി അനുസ്‌മരിച്ചു.
Comments

COMMENTS

error: Content is protected !!