മൂക്കടപ്പും രക്തസ്രാവവുമായി വന്ന മധ്യവയസ്‌കന്‍റെ മൂക്കില്‍നിന്ന് ഡോക്ടർ പുറത്തെടുത്തത് രണ്ട് അട്ടകള്‍

കുറ്റ്യാടി: മൂക്കടപ്പും രക്തസ്രാവവുമായി വന്ന മധ്യവയസ്‌കന്‍റെ മൂക്കില്‍നിന്ന് ഡോക്ടർ പുറത്തെടുത്തത് രണ്ട് അട്ടകള്‍. കുറ്റ്യാടി ഷേഡ് ഹോസ്പിറ്റലിലെ ഡോ. പി.എം. ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയായ 60കാരൻ്റെ മൂക്കില്‍നിന്ന് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ പുറത്തെടുത്തത്.

മൂന്നാഴ്ചയായി ഇയാൾക്ക് മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ചില ഡോക്ടര്‍മാരെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ ശനിയാഴ്ച ഡോ. ആഷിഫ് അലിയെ കാണാനെത്തി. രോഗമോ പരിക്കോ ഇല്ലാതെയുള്ള രക്തസ്രാവത്തിൻ്റെ കാരണമന്വേഷിച്ചപ്പോൾ മൂന്നാഴ്ച മുമ്പ് മലയിലെ നീരുറവയിൽ മുഖം കഴുകിയിരുന്നതായി പറഞ്ഞു. മുമ്പ് ഇതേ ക്ലിനിക്കിൽ ഇത്തരം ലക്ഷണങ്ങളുമായി വന്ന രോഗിയുടെ മൂക്കിൽ നിന്ന് അട്ടയെ പുറത്തെടുത്തിരുന്നു. ആ ഓർമയിൽ ഡോ. ആഷിഫലി ഈ രോഗിയുടെ മൂക്കിൽ ഉപ്പുവെള്ളം ഇറ്റിച്ചു. അതോടെ അട്ട പുറത്തേക്ക് തലയിട്ടു. ഇതിനെ പുറത്തെടുത്തു.


രോഗിക്ക് മൂക്കിനുള്ളിൽ തുടർന്നും അനക്കം അനുഭവപ്പെട്ടതോടെ രണ്ടാമതും ഉപ്പുവെള്ളം മൂക്കിൽ ഇറ്റിച്ചു. ഇതോടെ രണ്ടാമത്തെ അട്ടയും പുറത്തു വന്നതായി ഡോക്ടർ പറഞ്ഞു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാ മധ്യേയാണ് രോഗി ഡോ. ആഷിഫലിയെ സമീപിക്കുന്നത്.

Comments

COMMENTS

error: Content is protected !!