മൂന്ന് പോക്സോ കേസിലെ പ്രതി തമിഴ് നാട്ടില്‍ പിടിയില്‍
പഴയങ്ങാടി: മൂന്ന് പോക്സോ കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശിയും പുതിയങ്ങാടി ഹാര്‍ബറിലെ മത്സ്യബന്ധന തൊഴിലാളിയുമായ പി പി റഷീദിനെ (55) തമിഴ് നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയവേ വേഷപ്രച്ഛന്നരായി ചെന്ന് പൊലീസ് പിടികൂടി.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പഴയങ്ങാടി സി.ഐ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഡിവൈ എസ്പി യുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ആയ എ എസ്ഐ മാരായ മനോജ്, നികേഷ്, സയീദ്, എസ് സി പി ഒ ഷിജോ എന്നിവരടങ്ങിയ സംഘമാണ് ഏര്‍വാടി മത്സ്യബന്ധന തുറമുഖം ഭാഗത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അന്യനാടുകളില്‍ നിന്നെത്തി സ്ഥിര താമസമാക്കിയ മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ പ്രതി ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് മത്സ്യ തൊഴിലാളി വേഷത്തില്‍ അവര്‍ക്കിടയില്‍ മൂന്ന് ദിവസത്തോളം താമസിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തി ആവാത്ത മൂന്ന് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി എന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.