KERALA

മെട്രോ കഷ‌്ടി രക്ഷപ്പെട്ടു; കൊച്ചിയും; നഗരവാസികൾ ആശ്വാസത്തിൽ

മുൻ യുഡിഎഫ‌് സർക്കാർ പാലാരിവട്ടത്ത‌് നിർമിച്ച അഴിമതിയുടെ പഞ്ചവടിപ്പാലം ദിവസം എണ്ണിക്കഴിയുമ്പോഴും കൊച്ചി മെട്രോ കഷ‌്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ‌് നഗരവാസികൾ. കൊച്ചി മെട്രോയിൽനിന്ന‌് ഡിഎംആർസിയെയും ഇ ശ്രീധരനെയും ഒഴിവാക്കി 6000 കോടി രൂപയുടെ  നിർമാണം ഏറ്റെടുക്കാൻ മുൻ യുഡിഎഫ‌് സർക്കാർ നടത്തിയ നീക്കം പരാജയപ്പെടുത്തിയതിന്റെ വിജയാരവമാണ‌് കൊച്ചിക്കാർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴക്കുന്നത‌്.
കൊച്ചി മെട്രോ പദ്ധതിയുടെ അനുബന്ധമായി ഡിഎംആർസി പൂർത്തിയാക്കിയ എറണാകുളം നോർത്ത‌് റെയിൽവേ മേൽപ്പാലം, കെഎസ‌്ആർടിസി സ‌്റ്റാൻഡിനടുത്തെ എ എൽ ജേക്കബ‌് പാലം, പച്ചാളം പാലം,  ഇടപ്പള്ളിയിലെ ഫ‌്ളൈഓവർ എന്നിവയ‌്ക്കും പാലാരിവട്ടം ഫ‌്ളൈഓവറിന്റെ ദുരവസ്ഥ വരുമായിരുന്നല്ലോ എന്നോർത്ത‌് ഞെട്ടുകയാണ‌് നഗരവാസികൾ.

 

വി എസ‌് അച്യുതാനന്ദൻ സർക്കാർ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഡിപിആർ ഉൾപ്പെടെ സമർപ്പിച്ച‌ിട്ടും കോൺഗ്രസ‌് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാർ പദ്ധതിക്ക‌് അനുമതി നൽകാതെ വൈകിച്ചു. എന്നാൽ, മെട്രോയുടെ അനുബന്ധ നിർമാണങ്ങൾക്ക‌് അവസാന ബജറ്റിൽ പണം വകയിരുത്തിയാണ‌് എൽഡിഎഫ‌് സർക്കാർ അധികാരം വിട്ടത‌്. ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റപ്പോൾ മെട്രോയ‌്ക്ക‌് അനുമതി കിട്ടി. തുടർന്ന‌് ഇ ശ്രീധരനെയും ഡിഎംആർസിയെയും ഒഴിവാക്കാനുള്ള നീക്കങ്ങളായിരുന്നു. ഡിഎംആർസി പങ്കെടുക്കില്ലെന്ന‌് അറിഞ്ഞുതന്നെ പദ്ധതിക്ക‌് ആഗോള ടെൻഡർ കൊണ്ടുവന്നതും കെഎംആർഎൽ നേതൃത്വം വിദേശയാത്ര നടത്തിയതും ഇതേലക്ഷ്യത്തോടെയായിരുന്നു. ഡിപിആർ തയ്യാറാക്കുന്നതുവരെ പ്രവർത്തനങ്ങൾ നടത്തിയ ഡിഎംആർസി, കൊച്ചിയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന‌് ഇ ശ്രീധരൻ പ്രഖ്യാപിച്ചതിലേക്കുവരെ കാര്യങ്ങളെത്തി.

 

ദേശീയപാത അതോറിറ്റി നിർമിക്കേണ്ടിയിരുന്ന ദേശീയപാത 66ലെ പാലാരിവട്ടം മേൽപ്പാലം പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത‌ാണ‌് അഴിമതിയുടെ ‌മേൽപ്പാലം നിർമിച്ചത‌്. നിർമാണത്തിൽ കേന്ദ്രപങ്കാളിത്തം ആവശ്യപ്പെട്ടില്ലെന്നുമാത്രമല്ല, ജൻറം പദ്ധതിയിൽ പാലാരിവട്ടം പാലം നിർമിക്കാനുള്ള കൊച്ചി കോർപറേഷൻ കൗൺസിലിന്റെ തീരുമാനവും മന്ത്രിയായിരുന്ന വി കെ  ഇബ്രാഹിംകുഞ്ഞ‌് അട്ടിമറിച്ചു.

 

യുഡിഎഫ‌് ഭരിക്കുന്ന കോർപറേഷന്റെ തീരുമാനമുണ്ടായതിന്റെ പിറ്റേന്ന‌് പാലം സംസ്ഥാന സർക്കാർ നിർമിക്കുമെന്ന‌്  ഇബ്രാഹിംകുഞ്ഞ‌് വാർത്താസമ്മേളനം വിളിച്ച‌് പ്രഖ്യാപിച്ചു. മന്ത്രി ചെയർമാനായ റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷൻ (ആർബിഡിസികെ) ഡൽഹി ആസ്ഥാനമായ ആർഡിഎസ‌് പ്രോജക്ടിസിനെ കരാർ ഏൽപ്പിച്ചു.

 

ശക്തമായ ബഹുജനരോഷമുയർത്തിയാണ‌് ഡിഎംആർസിയെയും ഇ ശ്രീധരനെയും ഒഴിവാക്കി മെട്രോ നിർമാണം ഏറ്റെടുക്കാനുള്ള യുഡിഎഫ‌് നീക്കം പരാജയപ്പെടുത്തിയത‌്. അന്തരിച്ച ജസ‌്റ്റിസ‌് വി ആർ കൃഷ‌്ണയ്യരും എം കെ സാനുവും പിണറായി വിജയനും ഉൾപ്പെടെയുള്ളവർ കൈകോർത്ത മനുഷ്യമെട്രോ ആ  പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടതായി.  നീക്കങ്ങളെല്ലാം പാളിയതോടെ ജനരോഷം ഭയന്ന‌് മെട്രോ നിർമാണത്തിൽനിന്നുമാത്രമല്ല, അനുബന്ധ നിർമാണങ്ങളിൽനിന്നുപോലും യുഡിഎഫ‌് സർക്കാർ ഡിഎംആർസിയെ ഒഴിവാക്കാൻ ധൈര്യപ്പെട്ടില്ല. പേരിന‌ുപോലും എതിർപ്പുയർത്താതെ നാലു പാലം നിർമാണവും ഡിഎംആർസിക്ക‌് നൽകി. നിശ‌്ചിത സമയത്ത‌് നാല‌് മേൽപ്പാലങ്ങൾ പൂർത്തിയാക്കിയതോടൊപ്പം പച്ചാളം പാലം നിശ‌്ചിത  52 കോടിയിൽ 39 കോടിമാത്രം ചെലവഴിച്ചും  ഇടപ്പള്ളി ഫ‌്ളൈഓവർ 108 കോടി വകയിരുത്തിയതിൽ 78 കോടിമാത്രം ചെലവഴിച്ചുമാണ‌് ഡിഎംആർസി പൂർത്തിയാക്കിയത‌്.
നാനൂറു ദിവസം 100 പാലം എന്ന പദ്ധതി പ്രഖ്യാപിച്ച‌് നാട‌ുനീളെ കല്ലിട്ട കൂട്ടത്തിലാണ‌് പാലാരിവട്ടം ഫ‌്ളൈഓവറിന‌് 2014ൽ കല്ലിട്ടത‌്. 1600 കോടിയുടെ നിർമാണമാണ‌് യുഡിഎഫ‌് സർക്കാർ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത‌്. മൂന്നുദിവസം കൂടുമ്പോൾ ഒരു പാലം എന്നാണ‌് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ‌് ഈ പദ്ധതിയെ പരിചയപ്പെടുത്തിയത‌്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button