DISTRICT NEWS

മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവ സഖി സൗകര്യങ്ങൾക്കു തുടക്കം

 

പ്രസവസമയത്ത് കൂടെ നിൽക്കുന്ന ബന്ധുക്കൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണ് തുടങ്ങിയത്. ദിവസവും ശരാശരി 35 പ്രസവം ഐ.എം.സി.എച്ചിൽ നടക്കുന്നുണ്ട്.ഇവരുടെ ബന്ധുക്കളായ സ്ത്രീകൾക്കാണ് നിലവിൽ കൂട്ടിരിപ്പിന് സൗകര്യം നൽകുന്നത്. ഇങ്ങനെ കൂട്ടുനിൽക്കുന്നവർക്ക് പ്രസവസമയത്ത് എന്തെല്ലാം സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നതിനാണ് പരിശീലനം നൽകുക.

ഇതിനായി നാലു നഴ്സുമാരെ നിയമിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറഞ്ഞു. പ്രസവത്തിനു മുന്നോടിയായി ചികിത്സ തേടുമ്പോൾതന്നെ കൂടെ നിൽക്കാനുള്ള ബന്ധുക്കൾക്ക് പരിശീലനം നൽകും.

ആദ്യം ഐ.എം.സി.എച്ചിന്‍റെ യൂട്യൂബ് ചാനൽ വഴി പരിശീലനം നൽകും. സംശയങ്ങൾ മൂന്നു തവണയായി നേരിട്ടുള്ള പരിശീലനം വഴി പരിഹരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മാന്യ മാതൃത്വം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നത്. അതോടൊപ്പം തുടങ്ങിയ പ്രിവന്‍റ് എന്ന പദ്ധതി പ്രസവസമയത്തെ നിരീക്ഷണത്തിലൂടെ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സകൾ ഉടൻ നടപ്പാക്കാൻ സഹായിക്കും. നവജാത ശിശുവിന്‍റെ തലച്ചോറിലുണ്ടാകുന്ന മുറിവുകൾ മുൻകൂട്ടി തിരിച്ചറിയാനും ഭാവിയിൽ കുട്ടികളിലുണ്ടാകുന്ന അപസ്മാരങ്ങൾ തടയാനും ഇത് സഹായകരമാണ്.

ആശുപത്രിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ഔദ്യോഗിക വാർത്തകൾ, ആരോഗ്യ അവബോധ ക്ലാസുകൾ തുടങ്ങിയവ പുറംലോകത്തെ അറിയിക്കാൻ ജനി -IMCH എന്ന പേരിൽ യൂട്യൂബ് ചാനലും തുടങ്ങി. പദ്ധതികളുടെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. മിനി, ഡോ. എൻ. പ്രിയ, ഡോ. അരുൺപ്രീത്, ഡോ. വി.ടി. അജിത് കുമാർ, ഡോ. ടി.പി. അഷ്റഫ്, ഇ. സതീഷ്, ഡോ. കെ. അഞ്ജലി, എ.ജെ. ഏലിക്കുട്ടി എന്നിവർ സംസാരിച്ചു. വി.കെ. പുഷ്പലത സ്വാഗതവും കെ. ശിശിര നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button